വിമാനയാത്രയ്ക്കിടെ സ്ട്രോക്ക്: ഖത്തറിൽ ചികിത്സയിലായിരുന്ന മലയാളിയെ നാട്ടിലെത്തിച്ചു

ദോഹ: യു.കെയിൽനിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽവെച്ച് സ്ട്രോക്ക് വന്നതിനെത്തുടർന്ന് ഖത്തറിൽ ചികിത്സയിലായിരുന്ന മലയാളിയെ നാട്ടിലെത്തിച്ചു. ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ അടിയന്തര ചികിത്സ തേടിയ മുരളീധരനെയാണ് ഖത്തറിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം സുരക്ഷിതമായി നാട്ടിലേക്ക് തിരിച്ചെത്തിച്ചത്. അദ്ദേഹത്തോടൊപ്പം മരുമകനും കൂടെയുണ്ടായിരുന്നു.സെപ്റ്റംബർ 24ന് ഇരുവരും യു.കെയിൽനിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവമുണ്ടായത്. ഖത്തർ എയർവേസിന്റെ മെഡിക്കൽ വിഭാഗം അടിയന്തര ചികിത്സക്കായി മുരളീധരനെ ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് അടിയന്തര വൈദ്യസഹായം ലഭ്യമാക്കി, 11 ദിവസത്തെ പരിചരണത്തിനു ശേഷമാണ് ഇന്നലെ വൈകീട്ട് നാട്ടിലേക്ക് മടങ്ങിയത്. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ജനറൽ സെക്രട്ടറി ദീപക് ഷെട്ടി, വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ് എന്നിവർ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി.സഹായങ്ങള്‍ക്ക് ഇന്ത്യന്‍ എംബസിക്കും ഐ.സി.ബി.എഫ് അധികൃതര്‍ക്കും മകന്‍ നന്ദി അറിയിക്കുന്ന വീഡിയോയും അധികൃതര്‍ പങ്കുവെച്ചു.ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം, ഹമദ് മെഡിക്കൽ കോർപറേഷൻ, ഖത്തർ എയർവേയ്‌സ് എന്നിവയുടെ ഏകോപനത്തോടെയാണ് ഇരുവരുടേയും നാട്ടിലേക്കുള്ള മടക്കം സാധ്യമായതെന്ന് ഇന്ത്യൻ എംബസി വിശദമാക്കി. ഇരുവരുടേയും സുരക്ഷിതമായ യാത്രക്ക് പിന്തുണ നൽകിയ എല്ലാവർക്കും എംബസി നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *