ഗോവയിലെത്തന്നെ ഏറ്റവും പ്രസിദ്ധമായ വെള്ളച്ചാട്ടമാണ് ദൂദ്സാഗർ വെള്ളച്ചാട്ടം. പാല് പോലെ ഒഴുകിവരുന്നതിനാലാണ് വെള്ളച്ചാട്ടത്തിന് ഈ പേര് ലഭിച്ചിട്ടുള്ളത്. കൊച്ചിയിയിൽ നിന്ന് കുറഞ്ഞ ചെലവിൽ സുഖമായി ഈ വെള്ളച്ചാട്ടം കാണാൻ പോകാം.എറണാകുളം ജങ്ഷന്‍ റെയിൽവേ സ്റ്റേഷനിൽ നിന്ന് എല്ലാ തിങ്കളാഴ്ചയും പുനെയിലേക്ക് പോകുന്ന പൂർണ എക്സ്പ്രസ്സ് ആണ് ദൂദ്സാഗർ വെള്ളച്ചാട്ടം വഴി പോകുക. വൈകുന്നേരം 6.50നാണ് ട്രെയിൻ എറണാകുളത്ത് നിന്ന് പുറപ്പെടുക. പിറ്റേ ദിവസം 10.45ന് ട്രെയിൻ ദൂദ്സാഗർ വെള്ളച്ചാട്ടത്തിന് അടുത്തുള്ള കുലേം റെയിൽവേ സ്റ്റേഷനിൽ എത്തും. അവിടെനിന്നാണ് ദൂദ്സാഗറിലേക്ക് പോകേണ്ടത്. രാത്രിവണ്ടിയായതിനാൽ സ്ലീപ്പർ ടിക്കറ്റ് മാത്രം എടുത്താൽ മതിയാകും. വെറും 405 രൂപ മാത്രമാണ് സ്ലീപ്പർ ടിക്കറ്റ് നിരക്ക്.കുലേമിൽ ഇറങ്ങിയാൽ സ്റ്റേഷന് തൊട്ടടുത്തായിത്തന്നെ ജീപ്പ് ബുക്ക് ചെയ്യാം. കൊടുംകാടിന് നടുവിലൂടെയുള്ള ഈ യാത്ര അല്പം സാഹസികമാണ്. കാട്ടരുവികളും താണ്ടിക്കൊണ്ടുള്ള പാത അതിമനോഹരവുമാണ്. അല്പം സാഹസികത ഇഷ്ടപ്പെടുന്നയാളാണെങ്കിൽ റെയിൽപാതയിലൂടെ കിലോമീറ്ററുകളോളം നടന്ന് വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്തെത്താം. ട്രെക്കിങ് മാത്രം ലക്ഷ്യം വെച്ച് വരുന്ന നിരവധി പേർ ഈ സാധ്യതയാണ് കൂടുതലും തിരഞ്ഞെടുക്കുക.
വെള്ളച്ചാട്ടം കണ്ടുകഴിഞ്ഞ് തിരികെപ്പോരാനും സംവിധാനങ്ങളുണ്ട്. കുലേമിൽ നിന്ന് മഡ്ഗാവോണിലേക്കും വാസ്കോയിലേക്കും ട്രെയിനുകളും ബസുകളും ലഭിക്കും. നേരെ ഗോവയിൽ പോയി അടിച്ചുപൊളിച്ച് തിരികെ നാട്ടിലേക്ക് വരാം .