ഖത്തറിലെ ആക്രമണം: ഖത്തറിനോട് മാപ്പ് പറഞ്ഞ് ബെഞ്ചമിൻ നെതന്യാഹു

.ദോഹ: ഖത്തറിലെ ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഖത്തറിനോട് മാപ്പ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ട്രംപിനെ സന്ദർശിക്കാൻ നെതന്യാഹു വൈറ്റ് ഹൗസിൽ എത്തിയിരുന്നു. ഫോൺ കോൾ നടക്കുമ്പോൾ ഖത്തറി സംഘവും വൈറ്റ് ഹൗസിലുണ്ടായിരുന്നു.ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനിയുമായി തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നിന്ന് നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് നെതന്യാഹു ക്ഷമാപണം നടത്തിയത്.ആക്രമണത്തിൽ ഖത്തറിന്റെ പരമാധികാരം ലംഘിച്ചതിനാണ് നെതന്യാഹു ക്ഷമാപണം നടത്തിയത്. ആക്രമണത്തിൽ കൊല്ലപ്പെട്ട ഖത്തറി ഗാർഡിന്റെ കുടുംബത്തിന് ഇസ്രായേൽ നഷ്ടപരിഹാരം നൽകാൻ സാധ്യതയുണ്ടെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. നെതന്യാഹുവിന്റെ ക്ഷമാപണം ഖത്തറിന് ലഭിച്ച വലിയ നയതന്ത്ര വിജയമാണ്. ഖത്തറിനെ വീണ്ടും ആക്രമിച്ച് ഹമാസ് നേതാക്കളെ കൊല്ലുമെന്ന് നെതന്യാഹു ഭീഷണിപ്പെടുത്തിയിരുന്നു.ഖത്തർ പ്രധാനമന്ത്രിയുമായി നെതന്യാഹു ഫോണിൽ ഏതാനും മിനിറ്റ് സംസാരിച്ചതായും ട്രംപും സന്നിഹിതനായിരുന്നെന്നും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഖത്തറിൽ ഇനി ഇത്തരം ആക്രമണങ്ങൾ നടത്തില്ലെന്നും നെതന്യാഹു ഉറപ്പുനൽകി.ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും എല്ലാ ബന്ദികളുടെ മോചനത്തിനും ഒരു കരാർ സാധ്യമാക്കുന്നതിന് ക്ഷമാപണം നിർബന്ധമായി വന്നതായി റിപ്പോർട്ട് പറയുന്നു. കാരണം ഇസ്രായേൽ ആക്രമണത്തിനുശേഷം ഹമാസുമായുള്ള ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാൻ ഖത്തർ വിസമ്മതിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *