മലയാളത്തിന്റെ കഥയുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്നു മാമുക്കോയ. ബഷീറിന്റെ ബേപ്പൂരിലെ വീട്ടിൽ ചെന്നാൽ നാലു കാര്യങ്ങളാണ് മാമുക്കോയയ്ക്കു ലഭിക്കു. അനുഗ്രഹം, കഥ, ചായ, വായ്പ എന്നിവ്. കടം കൊടുക്കുന്നതിലുമുണ്ട് ബഷീർ സ്റ്റൈൽ. സുൽത്താനു രണ്ടുതരം ഒപ്പുകളുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലും ഒപ്പിടും. ചെക്കിൽ മലയാളത്തിൽ ഒപ്പിട്ടാൽ കടം തിരിച്ചുകൊടുക്കണ്ട. ഇംഗ്ലീഷിൽ ഒപ്പിട്ടാൽ തിരിച്ചുകൊടുക്കണം.നടനാകുന്നതിനു മുൻപ് മാമുക്കോയ പലപ്പോഴും സാന്പത്തിക പ്രയാസത്തിലായിരുന്നു. തന്നെ കാണാൻ വരുന്പോൾ ബഷീർ കോയയോടു ചോദിക്കും:””നിന്റെ കൈയിൽ തിരിച്ചുതരാന് കായുണ്ടോ കാക്കേ.” മാമുക്കോയ മുക്കിയും മൂളിയും പല്ലുകാട്ടി ചിരിച്ചുനിൽക്കും. കുശലമൊക്ക കഴിഞ്ഞതിനുശേഷം മലയാളത്തിൽ ഒപ്പിട്ട ചെക്ക് കൊടുക്കുന്നു. ബഷീറിൽനിന്ന് കടം കിട്ടാൻ മാത്രമല്ല, ചെക്കിൽ മലയാളത്തിൽ ഒപ്പിടാനും മാമുക്കോയ ദൈവത്തോടു പ്രാർഥിക്കും. സിനിമാനടൻ ആയശേഷം ഒരിക്കൽ കാശിന് അത്യാവശ്യം വന്നപ്പോൾ ബഷീറിന്റെ പക്കൽ വായ്പയ്ക്കു ചെന്നു. അന്ന് അദ്ദേഹം ഇംഗ്ലീഷിൽ ഒപ്പിട്ട ചെക്ക് മാമുക്കോയയ്ക്ക് നൽകി. ആദ്യമായാണ് മാമുക്കോയയ്ക്ക ഇംഗ്ലീഷിൽഒപ്പിട്ട ചെക്ക് ബഷീർ നൽകുന്നത്. ഒരുകാലത്ത് ബഷീർ സാമാന്യം നന്നായി മദ്യപിച്ചിരുന്നു. ഒരു സുപ്രഭാതത്തിൽ ആൾ കള്ളുകുടി നിർത്തി. ബഷീറിന്റെ മദ്യവർജനം കൂട്ടുകാർക്കു ബുദ്ധിമുട്ടുണ്ടാക്കി. തന്നെയുമല്ല, മൂപ്പരുടെ വീടിന്റെ മുന്നിലുള്ള കള്ളുഷാപ്പ് അടച്ചുപൂട്ടിക്കുകയും ചെയ്തു. ബഷീറിന്റെ വീടിനു മുന്നിലെ കള്ളുഷാപ്പ് പ്രമുഖരുടെ സാന്നിധ്യംകൊണ്ട് പേരുകേട്ടതായിരുന്നു. സുരാസു, ജോൺ ഏബ്രഹാം തുടങ്ങിയ ഉഗ്രപ്രതാപികളായ കലാകാരന്മാർ ആ ഷാപ്പിൽനിന്ന് രണ്ടു കുപ്പി അടച്ചശേഷമാണ് ബഷീറിനു മുന്നിൽ ഹാജരാകുക. ബഷീർ മദ്യപാനം നിർത്തിയശേഷം കുറേക്കാലം സുരാസുവും ജോണുമൊക്കെ വളരെ അടുത്തൊരു ബന്ധു മരിച്ചതുപോലുള്ള ദുഃഖത്തോടെയാണ് നടന്നിരുന്നതെന്നു പലരും പറഞ്ഞിട്ടുണ്ട്. ഒരു ദിവസം ബഷീർ മാമുക്കോയയോടു മൊഴിഞ്ഞു: “”എടാ കാക്കേ സുരാസു ഈ വഴിക്കെങ്ങാനും വരുന്നതു കണ്ടാൽ ഞാനിവിടെ ഇല്ലെന്നു പറയണം. ബഷീർ പറഞ്ഞതുപോലെ മാമുക്കോയ സുരാസുവിനെ വഴിയിൽവച്ചു കണ്ടപ്പോൾ പറഞ്ഞു. “”നിങ്ങളെ കണ്ടാൽ ബഷീർക്ക ബേപ്പൂരിലില്ല എന്നു പറയാൻ പറഞ്ഞിട്ടുണ്ട്.”ശുദ്ധഗതികൊണ്ട് മാമുക്കോയയുടെ നാവിൽനിന്ന് അറിയാതെ വീണതാണ്. സുരാസുവിന് വലിയ മനോവിഷമം ഉണ്ടാക്കിയ സംഭവമായി മാറി. അന്നുതന്നെ അടിച്ചുപിന്പിരിയായി ബേപ്പൂരിലേക്കു പോയി. അവിടെയെത്തിയപ്പോഴേക്കും സുരാസുവിന്റെ ബോധം പോയിരുന്നു. പിന്നെ ബഷീർ പായയും തലയിണയുമൊക്കെ കൊടുത്ത് വീട്ടിൽത്തന്നെ കിടത്തി. ഉറങ്ങിയെഴുന്നേറ്റപ്പോൾ സുരാസുവിന്റെ പിണക്കവും മാറി.
ബഷീറും മാമുക്കോയയും പിന്നെ ഇമ്മിണി ബല്യ ചെക്കും
