: പീരുമേട് റിസോര്‍ട്ട് ഓണേഴ്സ് അസോസിയേഷന്പീരുമേട് : ദിവസേന ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ എത്തുന്ന പരുന്തുംപാറയെ ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് പീരുമേട് റിസോര്‍ട്ട് ഓണേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. ഇടുക്കി ജില്ലയിലെ ചെറിയ സ്ഥലങ്ങള്‍പോലും ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട പരുന്തുംപാറ, കുട്ടിക്കാനം, പീരുമേട് എന്നീ കേന്ദ്രങ്ങളെ ടൂറിസം വകുപ്പ് പൂര്‍ണ്ണമായും അവഗണിക്കുകയായിരുന്നു. ഇതിനുപിന്നില്‍ ചില സ്ഥാപിത താല്‍പ്പര്യക്കാര്‍ ഉണ്ടെന്നും സര്‍ക്കാര്‍ സംവിധാനങ്ങളെ ഇവര്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.പരുന്തുംപാറ, കുട്ടിക്കാനം, പീരുമേട് എന്നീ സ്ഥലങ്ങളില്‍ യാതൊരു അടിസ്ഥാന സൌകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടില്ല. ദിവസേന ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ എത്തുന്ന പരുന്തുംപാറയില്‍ കുടുംബശ്രീയുടെ നേത്രുത്വത്തില്‍ ഒരു ലഘുഭക്ഷണശാല ആരംഭിക്കണമെന്നും മുമ്പ് പോലീസ് എയിഡ് പോസ്റ്റിന് ഉപയോഗിച്ചിരുന്ന കെട്ടിടം ഇതിനായി ഉപയോഗിക്കാമെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.പരുന്തുംപാറയെ ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കുവാനുള്ള അടിയന്തിര നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം. ജില്ലാ ഭരണകൂടവും ടൂറിസം വകുപ്പും ഇക്കാര്യത്തില്‍ അനുഭാവപൂര്‍ണ്ണമായ നടപടികള്‍ കൈക്കൊള്ളണമെന്നും പീരുമേട് റിസോര്‍ട്ട് ഓണേഴ്സ് അസോസിയേഷന് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം, ജനറല്‍ സെക്രട്ടറി ഡോ.കെ.സോമന്, ട്രഷറര്‍ അരുണ്‍ ജോസഫ് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പരുന്തുംപാറയെ ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കണം
