ന്യൂഡൽഹി: വാഗാ അതിർത്തി അടച്ച് പാകിസ്താൻ. ഇന്ത്യയിൽ നിന്ന് തിരിച്ചുപോകുന്ന പാക് പൗരന്മാരെ അതിർത്തി കടക്കാൻ പാകിസ്താൻ അനുവദിക്കുന്നില്ല. അതേസമയം, പാക് പൗരന്മാർ ഏപ്രിൽ 30-നകം രാജ്യം വിടണമെന്ന ഉത്തരവിൽ ഇന്ത്യ ഇളവുവരുത്തി. പാകിസ്താനുമായുള്ള യാത്ര-ആശയവിനിമയ ബന്ധങ്ങളും ഇന്ത്യ നിർത്തും. സമുദ്രാതിർത്തിയിൽ ഇന്ത്യൻ നാവികസേന സുരക്ഷ ശക്തമാക്കി. കോസ്റ്റ് ഗാർഡും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തുടർ നടപടികൾ ചർച്ച ചെയ്യാൻ ഇന്നും നിർണായക യോഗങ്ങൾ തുടരും. നിലവിലെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ചേർന്ന് വിലയിരുത്തും. കേന്ദ്ര മന്ത്രിസഭ യോഗത്തിന് ശേഷവും പ്രധാനമന്ത്രി കരസേന മേധാവിയുമായും കൂടിക്കാഴ്ച നടത്തി. തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുന്നതിൽ പാകിസ്താനെ അതൃപ്തി അറിയിച്ച സാഹചര്യത്തിൽ തുടർനീക്കങ്ങൾ ഇന്ത്യ നിരീക്ഷിക്കുകയാണ്.
ഇന്ത്യയിൽ നിന്ന് തിരിച്ചുപോകുന്ന പാക് പൗരന്മാരെ കടത്തിവിടാതെ പാകിസ്താൻ
