അറബ്-ഇസ്ലാമിക് ഉച്ചകോടി ഇസ്രായേൽ ആക്രണത്തിന് എതിരായ പ്രമേയം അംഗീകരിച്ചു.ദോഹ: അറബ്-ഇസ്ലാമിക് ഉച്ചകോടി ഇസ്രായേൽ ആക്രണത്തിന് എതിരായ പ്രമേയം അംഗീകരിച്ചു.ഗസ്സയിൽ തുടരുന്ന ആക്രമണത്തിലൂടെ ഉന്മൂലനമാണ് ഇസ്രായേൽ ലക്ഷ്യംവെക്കുന്നതെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി. ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ദോഹയിൽ നടക്കുന്ന അടിയന്തര അറബ് -ഇസ് ലാമിക് ഉച്ചകോടിയെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം. തടവിലാക്കപ്പെട്ട ബന്ദികളെ കുറിച്ച് ഇസ്രായേലിന് ശ്രദ്ധയില്ലെന്നും ഗസ്സ വാസയോഗ്യമല്ലാതാക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ഖത്തർ അമീർ ആരോപിച്ചു.വഞ്ചനാപരമായ ആക്രമണമാണ് ഖത്തറിനുനേരെ ഉണ്ടായത്. ഹമാസിൽനിന്നും ഇസ്രായേലിൽ നിന്നുമുള്ള പ്രതിനിധി സംഘങ്ങൾ ചർച്ചക്കായി ദോഹയിൽ എത്തിയിരുന്നു. ഹമാസ് നേതൃത്വത്തെ വധിക്കാൻ ഇസ്രായേൽ ആഗ്രഹിച്ചിരുന്നുവെങ്കിൽ പിന്നെ എന്തിനാണ് അവരുമായി ചർച്ച നടത്തുന്നതെന്ന് ഖത്തർ അമീർ ചോദിച്ചു. അറബ് സമാധാന ശ്രമം ഇസ്രായേൽ അംഗീകരിച്ചിരുന്നെങ്കിൽ പല ദുരന്തങ്ങളും ഒഴിവാക്കാമായിരുന്നുരാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും ഇസ്രായേലി ആക്രമണത്തെ നേരിടുന്നതിനും തങ്ങൾ ദൃഢനിശ്ചയം ചെയ്തതായി ഖത്തർ അമീർ പറഞ്ഞു.യു.എ.ഇ വൈസ് പ്രസിഡന്റ് ശൈഖ് മൻസൂർ ബിൻ സയീദ് അൽ നഹിയാൻ, സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സഊദ്, കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്, ബഹ്റൈൻ രാജാവിന്റെ പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ, തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ഷഹ്ബാസ് ശരീഫ് എന്നിവരടക്കം 50ൽ അധികം രാജ്യങ്ങളുടെ പ്രതിനിധികളാണ് ഉച്ചകോടിയിൽ പങ്കെടുത്തത്.
