ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിലെ ബൈസരനിൽ ഭീകരാക്രമണത്തിനു പിന്നാലെ വിനോദസഞ്ചാരികളെ പുറത്തേറ്റി രക്ഷപെടുത്തിയ ഒരു കശ്മീരി യുവാവിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. നിരവധി പേരാണ് അദ്ദേഹത്തിന്റെ പ്രവൃത്തിയെ വാഴ്ത്തിയത്. പ്രദേശത്തെ ഷാൾ കച്ചവടക്കാരനായ സജ്ജാദ് അഹമ്മദ് ഭട്ട് ആയ്യിരുന്നു.
സമാധാനാന്തരീക്ഷം തകർത്ത് വെടിയൊച്ചകൾ ഉയർന്നതോടെ താനും മറ്റ് പ്രദേശവാസികളും വിനോദസഞ്ചാരികളെ സഹായിക്കാൻ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയതായി സജ്ജാദ് പറഞ്ഞു. ‘മനുഷ്യത്വം മതങ്ങൾക്കും മുമ്പേ വന്നതാണ്’- തൊണ്ടയിടറി ഭട്ട് പറഞ്ഞു. താഴ്‌വരയിൽ നടന്ന ആക്രമണത്തെക്കുറിച്ച് പഹൽഗാം പോണി അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽ വഹീദ് വാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വഴി അംഗങ്ങളെ അറിയിച്ചതിനെ തുടർന്നാണ് താൻ സ്ഥലത്തേക്ക് ഓടിയെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.’ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ഞങ്ങൾ സ്ഥലത്തെത്തി. പരിക്കേറ്റവർക്ക് വെള്ളം കൊടുക്കുകയും നടക്കാനാവാത്തവരെ താങ്ങിയെഴുന്നേൽപ്പിക്കുകയും പുറത്തുകയറ്റുകയും ചെയ്തു. പലരേയും ഞങ്ങൾ ആശുപത്രിയിലെത്തിച്ചു. വിനോദസഞ്ചാരികൾ കരയുന്നത് കണ്ട് എന്റെ കണ്ണിൽനിന്നും കണ്ണീർ വന്നു. അവരുടെ വരവ് ഞങ്ങളുടെ വീടുകളിലെ വിളക്കുകൾ കത്തിക്കുന്നു. അവരില്ലാതെ ഞങ്ങളുടെ ജീവിതം അപൂർണമാണ്’- എന്നാണ് അദ്ദേഹം പറഞ്ഞത്.ഞാൻ എത്തിയപ്പോൾ അവിടമാകെ പരിഭ്രാന്തിയിലായിരുന്നു. എന്റെ ജീവിതത്തിൽ ഇതുപോലൊന്ന് കാണുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. പരിക്കേറ്റവരെ ഞങ്ങൾ ചുമലിൽ എടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു. പ്രതികരിക്കാൻ പോലും ബുദ്ധിമുട്ടായിരുന്നു. ആകെ മരവിച്ച അവസ്ഥയായിരുന്നു. കരയുന്ന സ്ത്രീകളെ ഞങ്ങൾ സമാധാനിപ്പിക്കാൻ ശ്രമിച്ചു’- ഭീകരാക്രമണത്തെ കുറിച്ച് പ്രദേശത്തെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ മറ്റുള്ളവരെ അറിയിച്ച പഹൽഗാം പോണി അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽ വഹീദ് വാൻ പറഞ്ഞു.