ഐപിഎല്‍ മൈതാനത്തെ ശ്രദ്ധ കേന്ദ്രങ്ങളില്‍ ഒന്നാണ് റോബോട്ട് നായ. താരങ്ങള്‍ പുറത്താകുമ്പോഴും ഓവറുകളുടെ ഇടവേളകളിലും മൈതാനത്ത് നടക്കുന്ന ഈ യന്ത്ര പട്ടിയെ താരങ്ങള്‍ക്കും ഇഷ്ടമായി തുടങ്ങിയിട്ടുണ്ട്. കൗതുകം നിറക്കുന്ന റോബോട്ട് നായയുടെ ഇടപെടലിന്റെ ഒരു വീഡിയോ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ അവരുടെ നിര്‍ണായക മത്സരത്തിന് മുന്നോടിയായി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റന്‍ അക്സര്‍ പട്ടേല്‍ റോബോട്ട് നായയുമായി സംസാരിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. പരിശീലന സെഷനിലാണ് ഒരു റോബോട്ട് നായയോട് പട്ടേലിന്റെ രസകരമായ ഇടപെടല്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പട്ടേല്‍ റോബോട്ട് നായയുമായി ഇടപഴകുന്നതാണുള്ളത്. ‘ഗുജറാത്തി സമാജ്താ ഹേ?’ (നിങ്ങള്‍ക്ക് ഗുജറാത്തി മനസ്സിലായോ?). എന്ന് ചോദിക്കുമ്പോള്‍ യന്ത്ര കൈ ഉയര്‍ത്തിയും മൈതാനത്ത് ഇരുന്നുമൊക്കെ പ്രതികരിക്കുകയാണ് റോബോട്ട് നായ. നായയുടെ പ്രതികരണം കണ്ടു അക്‌സര്‍ പട്ടേലും സഹതാരങ്ങളും ചിരിക്കുന്നുമുണ്ട്.ഇത് ജപ്പാനില്‍ നിന്ന് ഉള്ളതാണെന്നും ഇതിനിടെ അദ്ദേഹം പറയുന്നുണ്ട്. പട്ടേലിന്റെ റോബോട്ട് നായയ്ക്കൊപ്പമുള്ള രസകരമായ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
റോബോട്ട് നായയോട് കുശലം പറഞ്ഞ് അക്‌സര്‍ പട്ടേല്‍
