കാസർകോട്: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർഗോഡ് കാലിക്കടവിൽ നിർവഹിച്ചു. മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. വാർഷികാഘോഷം ധൂർത്ത് എന്ന പ്രതിപക്ഷ ആരോപണം മന്ത്രിമാർ തള്ളി.എൽഡിഎഫ് ഏറ്റെടുത്തത് തകർന്നു കിടന്ന ഒരു നാടിനെയാണെന്ന മുഖ്യമന്ത്രി ചടങ്ങിൽ സംസാരിച്ചുകൊണ്ട് പറഞ്ഞു. പ്രതിസന്ധിയിൽ നിൽക്കുമ്പോൾ സഹായിക്കേണ്ട കേന്ദ്രം ഒരു സഹായവും ചെയ്തില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നിഷേധാത്മക നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. മറ്റുള്ളവർ തന്നത് പോലും കേന്ദ്രം നിഷേധിച്ചു. കൂടുതൽ തകരട്ടെ എന്ന നശീകരണ വികാരമായിരുന്നു കേന്ദ്ര സർക്കാരിനെന്ന് മുഖ്യമന്ത്രി പറഞ്ഞു.കേരളീയർ ശപിച്ചുകൊണ്ടിരുന്ന കാലത്തിന് അറുതി വരുത്തിയാണ് 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുന്നത്. ഒമ്പത് വർഷമായി തുടരുന്ന സർക്കാരിന്റെ ഭാഗം കൂടിയാണ് രണ്ടാം സർക്കാരിന്റെ നാലാം വാർഷികമെന്ന് മുഖ്യമന്ത്രി. ഈ നാടിനെ കാലോചിതമായി മാറ്റിതീർക്കണമെന്നും വികസനം നാടിന് വേണമെന്ന ദൗത്യമാണ് എൽഡിഎഫ് സർക്കാരിനെ ജനങ്ങൾ ഏൽപ്പിച്ചത്. ആ ദൗത്യം നിറവേറ്റാൻ തുടങ്ങിയപ്പോൾ നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട്.പ്രകൃതി ദുരന്തങ്ങൾ, മാരകമായ പകർച്ചവ്യാധികൾ തുടങ്ങിയ പ്രതിസന്ധികൾ യഥാർഥത്തിൽ നാടിനെ കൂടുതൽ തകർച്ചയിലേക്ക് നയിക്കുന്നതായിരുന്നു. എന്നാൽ നമ്മുക്ക് തകരാൻ കഴിയില്ലായിരുന്നു അതിജീവിച്ചേ മതിയാകൂമായിരുന്നുള്ളൂവെന്ന് മുഖ്യമന്ത്രി.
സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി
