കൊച്ചി: പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി. ഇപ്പോള്‍ എവിടെയെന്ന് അറിയാത്ത ഷൈന്‍ ടോം ചാക്കോ ഇന്‍സ്റ്റഗ്രാമിലൂടെ പരിഹാസവുമായി രംഗത്ത്. ഷൈന്‍ എവിടെയെന്ന ചോദ്യത്തിന് തന്റെ എക്‌സ്‌ക്ലൂസിവ് ദൃശ്യങ്ങളെന്ന പേരില്‍ സ്‌റ്റോറി പങ്കുവെച്ചാണ് പരിഹാസം. പൊലീസ് അന്വേഷണം നടന്നുവരവെയാണ് ഷൈൻ ടോം ചാക്കോ സ്റ്റോറി ഇട്ടത്.ഒരു നടന്‍ സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് നടി വിന്‍ സി അലോഷ്യസ് വെളിപ്പെടുത്തിയിരുന്നു. പേര് പറയാതെയായിരുന്നു വെളിപ്പെടുത്തല്‍. പിന്നാലെ സിനിമാ സംഘടനകള്‍ക്കും മോശം അനുഭവമുണ്ടായ സിനിമാ സെറ്റിലെ ഐസിസിക്കും പരാതി നല്‍കിയിരുന്നു. ഈ പരാതിയിലൂടെയാണ് നടന്‍ ഷൈന്‍ ടോം ചാക്കോയാണ് മോശമായി പെരുമാറിയ നടനെന്ന വിവരം പുറത്ത് വന്നിരിക്കുന്നത്.കൊച്ചി കലൂരില്‍ ഡാന്‍സാഫ് സംഘത്തിന്റെ പരിശോധനക്കിടെ ഷൈന്‍ ടോം ചാക്കോ ഓടി രക്ഷപ്പെട്ടിരുന്നു. ലഹരി ഇടപാടുകാരനെ തേടി ബുധനാഴ്ച രാത്രി 10.45-ഓടെയാണ് ഡാന്‍സാഫ് സംഘം ഷൈന്‍ താമസിച്ചിരുന്ന സ്വകാര്യ ഹോട്ടലില്‍ എത്തിയത്. ലഹരി ഇടപാടുകാരന്റെ ലൊക്കേഷന്‍ കേന്ദ്രീകരിച്ചായിരുന്നു ഡാന്‍സാഫ് സംഘത്തിന്റെ പരിശോധന. ഈ സംഭവത്തില്‍ പൊലീസ് ഷൈനെ അന്വേഷിച്ചുകൊണ്ടിരിക്കവേയാണ് ഇന്‍സ്റ്റഗ്രാം വഴിയുള്ള പരിഹാസം.
ഇന്‍സ്റ്റഗ്രാമിലൂടെ പരിഹാസവുമായി ഷൈൻ ടോം ചാക്കോ രംഗത്ത്
