കോഴിക്കോട്: താമരശ്ശേരിയിലെ ഷഹബാസ് കൊലപാതകത്തിൽ മെറ്റയിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. ഇന്നലെ ഷഹബാസിന്റെ മൊബൈൽ ഫോൺ സൈബർ സെല്ലും, പൊലീസും പരിശോധിച്ചിരുന്നു. പ്രതികൾ ഷഹബാസിന് അയച്ച പല മെസ്സേജുകളും ഡിലീറ്റ് ചെയ്തതായി പരിശോധനയിൽ കണ്ടെത്തി. ഇവ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ഇതോടെ കൂടുതൽ തെളിവുകളും വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭ്യമായേക്കും. മുതിർന്നവർക്ക് കേസിൽ നിലവിൽ പങ്കില്ല എന്ന നിഗമനത്തിലാണ് പൊലീസ്. മൊബൈൽ ഫോണിന്റെയും ലാപ്ടോപ്പിന്റെയും ശാസ്ത്രീയ പരിശോധന ഫലം ലഭിക്കുന്നതോടെ അതിലും വ്യക്തത ഉണ്ടാകും. നിലവിൽ ആറ് പേരാണ് ജുവനൈൽ ഹോമിൽ ഉള്ളത്. കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്.