മുന്നണികൾ കേരളത്തെ തകർക്കുന്നു: പ്രഫുൽ പട്ടേൽ 

Kerala Uncategorized

ശശീന്ദ്രനെയും തോമസ് കെ തോമസിനെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകും

 

കൊച്ചി: മാറിമാറി വരുന്ന യുഡിഎഫ്- എൽഡിഎഫ് മുന്നണികൾ കേരളത്തെ തകർക്കുകയാണെന്ന് എൻസിപി വർക്കിംഗ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ. എറണാകുളം രാജേന്ദ്ര മൈതാനിയിൽ സംഘടിപ്പിച്ച എൻസിപി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവ്വ മേഖലകളിലും വളരെ വലിയ വികസന സാധ്യതകൾ ഉള്ള സംസ്ഥാനമാണ് കേരളം. അത്രമേൽ വിഭവ സമ്പന്നമാണ് കേരളം. എന്നാൽ അധികാരത്തിനു വേണ്ടിയുള്ള വടംവലികൾ മൂലം ജനങ്ങളെ ദ്രോഹിച്ചു കൊണ്ടാണ് മുന്നണികൾ മുന്നോട്ടു പോകാറുള്ളത്. ഇതിനൊരു മാറ്റം വരുത്തുവാൻ വേണ്ടിയാണ് എൻസിപിയുടെ പോരാട്ടം. കേരളത്തെ സുസ്ഥിര വികസനത്തിലേക്ക് കൈപിടിച്ചുയർത്തുവാൻ കാതലായ ഒരു മാറ്റം അനിവാര്യമാണ്. ആ മാറ്റം സൃഷ്ടിക്കുവാൻ എൻസിപിക്ക് മാത്രമേ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഉള്ള സാധ്യതകളെ കൊള്ളയടിക്കുന്ന സർക്കാർ സമീപനങ്ങളെ ഇല്ലാതാക്കി സാധ്യതകൾ ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ കൂടുതൽ മെച്ചപ്പെട്ട സ്ഥിതിയിലേക്ക് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ എൻസിപി തുടരുമെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ പാർട്ടിയുടെ ചിഹ്നം ഉപയോഗിച്ച് എംഎൽഎയും മന്ത്രിയും ആയ ശേഷം പാർട്ടിയെ തള്ളിപ്പറഞ്ഞു പോയവർ ആ സ്ഥാനങ്ങൾ കൂടി ഒഴിവാനുള്ള മാന്യത കാണിക്കണം. മന്ത്രി എ കെ ശശീന്ദ്രനെയും തോമസ് കൈ തോമസ് എംഎൽഎയേയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകും. ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമായ നിലപാടുകൾ ആണുള്ളത്. മഹാരാഷ്ട്രയിൽ മാത്രമാണ് എൻഡിഎ സഖ്യത്തിൽ എൻസിപി ഭാഗമായിട്ടുള്ളത്. നാഗാലാൻഡിൽ ഒമ്പത് എംഎൽഎമാർ എൻസിപിയ്ക്കുണ്ട്. അരുണാചൽപ്രദേശിൽ എംഎൽഎമാർ ഉണ്ട്. ഡൽഹിയിൽ മുപ്പതോളം സീറ്റുകളിൽ ബിജെപിക്ക് എതിരെ കൂടിയാണ് എൻസിപി മത്സരിച്ചത്. അതാത് സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ അനുസരിച്ചാണ് എൻസിപി നിലപാടുകൾ കൈക്കൊള്ളുന്നത്. കേരളത്തിൽ പാരമ്പര്യമായി എൻസിപി ഉയർത്തിക്കാട്ടുന്ന ചില മൂല്യങ്ങളുണ്ട്. അത് അങ്ങനെ തന്നെ സംസ്ഥാനത്ത് തുടരും. കേരളത്തിൽ ഒരു മുന്നണിയുടെയും ഭാഗമാകാത്ത സ്വതന്ത്ര നിലപാടാണ് എൻസിപിക്കുള്ളത്. മറ്റ് മുന്നണി പ്രവേശനം സംബന്ധിച്ച കാര്യങ്ങൾ സംസ്ഥാനത്തിന് ഭാവിയിൽ തീരുമാനിക്കാവുന്നതാണ്. നിയമസഭ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളിലേക്ക് പാർട്ടിയെ സജ്ജമാക്കുക എന്നതാണ് നിലവിൽ എൻസിപിയുടെ ലക്ഷ്യം. സംസ്ഥാന പ്രസിഡന്റ് എൻ എ മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ നടന്ന രാഷ്ട്രീയ വിശദീകരണ യാത്രയും തുടർ പ്രവർത്തനങ്ങളും പാർട്ടിക്ക് പുതിയ ഉണർവ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശീയ വക്താവും ജനറൽ സെക്രട്ടറിയുമായ ബ്രിജ് മോഹൻ ശ്രീവാസ്തവ മുഖ്യപ്രഭാഷണം നടത്തി. എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ എ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. കെ എ ജബ്ബാർ, കെ കെ ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *