പാചകവാതക ക്ഷാമത്തിനു പരിഹാരമായി ബയോഗ്യാസ് പ്ലാൻ്റ്

ചേർത്തല: പാചക വാതക ക്ഷാമത്തിൽ പരക്കം പായാതിരിക്കാൻ പകരം സംവിധാനമൊരുക്കി മാതൃകയാകുകയാണ് ചേർത്തല ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്ക്കൂൾ അധ്യാപകനായ തിരുവാതുക്കൽ ജോസഫ്. നഗരസഭയിൽ 29-ാം വാർഡിലെ തൻ്റെ വീട്ടിൽ 20 വർഷങ്ങൾക്കു മുമ്പ് നിർമിച്ച ബയോഗ്യാസ് പ്ലാൻ്റിൽ നിന്നാണ് അദ്ദേഹത്തിൻ്റെ ആറംഗ കുടുംബത്തിൻ്റെ പാചകാവശ്യങ്ങൾ മുഴുവനും നിറവേറ്റുന്നത്. വീട്ടിലെ ആഹാര അവശിഷ്ടങ്ങളാണ് പ്ലാൻ്റിലെ മുഖ്യ നിക്ഷേപ വസ്തുക്കൾ. കൂടാതെ മാസത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം തൊട്ടടുത്ത മാർക്കറ്റിലെ പഴക്കടയിൽ നിന്ന് ഉപയോഗശൂന്യമായ പഴങ്ങൾ വാങ്ങി പ്ലാൻ്റിൽ നിക്ഷേപിക്കും. മൂന്നു ബർണറുകളുള്ള ഒരു സ്റ്റൗ ദിവസേന ആറു മണിക്കൂറിലേറെ കത്തിക്കാൻ ഇത്രയും മാലിന്യങ്ങൾ ധാരാളം മതിയെന്നാണ് ഇവരുടെ പക്ഷം. സാധാരണ ഗതിയിൽ ഒരു എൽ.പി.ജി. സിലിണ്ടർ പരമാവധി 28 ദിവസം വരെ മാത്രം ഉപയോഗപ്പെട്ടിരുന്ന ഇവർക്ക് ഇപ്പോൾ എൽ പി ജി സിലിണ്ടർ ഉപയോഗിക്കേണ്ടി വരാറേയില്ല.2005-ൽ ചേർത്തല ഉപജില്ലാ ശാസ്ത്രോത്സവത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പുതുമയുള്ള പദ്ധതി അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ബയോഗ്യാസ് പ്ലാൻ്റിനെക്കുറിച്ച് ജോസഫ് സാർ മനസിലാക്കുന്നത്. ബയോഗ്യാസ് നിർമാണ രംഗത്തെ സർക്കാർ അംഗീകൃത ഏജൻസിയായ സഹൃദയ ടെക്ക് എറണാകുളം നിർമിച്ച ബയോഗ്യാസ് പ്ലാന്റ് കണ്ടു മനസിലാക്കി ശാസ്ത്രമേളയിൽ അവതരിപ്പിച്ചു സമ്മാനവും നേടി. തുടർന്ന് സഹൃദയയുടെ സാങ്കേതിക സഹായത്തോടെ വീട്ടിൽ 2 ക്യൂബിക് മീറ്റർ ശേഷിയുള്ള ഫിക്സഡ് ഡൂം മോഡൽ പ്ലാൻ്റ് നിർമിച്ചു. സർക്കാരിൻ്റെ സബ്സിഡിയും സഹൃദയ ലഭ്യമാക്കി. അരി കഴുകുന്നതും പച്ചക്കറി അരിയുന്നതും മത്സ്യ, മാംസങ്ങൾ വൃത്തിയാക്കുന്നതും തുടങ്ങി കഞ്ഞിവെള്ളവും മിച്ചം വരുന്ന ആഹാര അവശിഷ്ടങ്ങളും ഉൾപ്പെടെയുള്ള വീട്ടിലെ ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാനുള്ള മാർഗമെന്നതുപോലെ തന്നെ പ്ലാൻ്റിൽ നിന്നും സംസ്കരണശേഷം പുറത്തുവരുന്ന സ്ലറി നല്ല ജൈവവളമായി പെയോഗിക്കാനും കഴിയുന്നു. വീട്ടിലെ കൃഷികൾക്ക് ഇതുവരെ പുറമേ നിന്നും ഒരു വളവും വാങ്ങേണ്ടി വന്നിട്ടില്ല.വീട്ടിലെ മാലിന്യങ്ങൾ അടുക്കള മുറ്റത്തു തന്നെ സംസ്കരിക്കുന്നതിൻ്റെ യാതൊരു ദുർഗന്ധവും ഉണ്ടാകുന്നില്ലെന്നു മാത്രമല്ല എൽ.പി.ജി പോലെ തന്നെ കരിയും പുകയുമില്ലാത്തതും വേഗത്തിൽ പാചകം നടക്കുന്നതുമായ പാചകവാതകവും ലഭിക്കുന്നതിനാൽ വീട്ടമ്മമാരുടെ ഉറ്റ മിത്രമാണ് ബയോഗ്യാസ് പ്ലാൻ്റുകളെന്ന് ജോസഫ് സാറിൻ്റെ സഹധർമിണിയും ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയുമായ സോയമോൾ ജോസഫ് പറഞ്ഞു.മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള ഇൻലെറ്റ്, സംസ്കരണത്തിനുള്ള ഡൈജസ്റ്റർ, പുറത്തേക്ക് സ്ലറി ഒഴുകാനുള്ള ഔട്ട്ലെറ്റ്, പാചകവാതകം അടുക്കളയിലേക്ക് എടുക്കാനുള്ള പൈപ്പ് ലൈൻ എന്നിവയാണ് ബയോഗ്യാസ് പ്ലാൻ്റിൻ്റെ ഘടകങ്ങൾ. സ്ഥലപരിമിതിയുള്ളവർക്ക് പോർട്ടബിൾ മോഡലുകളും ലഭ്യമാണ്.വിശദവിവരങ്ങൾക്ക്:ജോസഫ് തിരുവാതുക്കൽ94461 182 11ജിസ് പി പോൾസഹൃദയ ടെക്ക്8943710720

Leave a Reply

Your email address will not be published. Required fields are marked *