കടുത്തുരുത്തി: ഡിസിഎംഎസിന്റെ നേതൃത്വത്തില്‍ നടത്തിയ വാഴ്ത്തപെട്ട തേവരുപ്പറമ്പില്‍ കുഞ്ഞച്ചന്‍ തീര്‍ത്ഥാടന വിളംബര ജാഥയ്ക്കു കടുത്തുരുത്തിയില്‍ സ്വീകരണം നല്‍കി. ദളിത് ക്രൈസ്തവ സംവരണം ഉറപ്പാക്കാന്‍ രാഷ്ട്രീയ കക്ഷികളും സര്‍ക്കാരും തയാറാകണമെന്ന് ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ ആവശ്യപെട്ടു. സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയൂടെ നേതൃത്വത്തില്‍ കടുത്തുരുത്തിയില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ജീവിച്ചിരിക്കെ കുഞ്ഞച്ചന്‍ നടത്തിയ മഹത്തായ കാര്യങ്ങള്‍ കണ്ടു മനസ്സിലാക്കിയിട്ടും ആ പുണ്യാത്മാവിന് വേണ്ടത്ര പ്രാധാന്യവും പരിഗണനയും നല്‍കാന്‍ സമൂഹത്തിനും രാഷ്ട്രീയ നേതൃത്വത്തിനുമായില്ലെന്നും ഫാ.ചന്ദ്രന്‍കുന്നേല്‍ പറഞ്ഞു. പാലാ രൂപത വികാരി ജനറാള്‍ ഫാ.സെബാസ്റ്റ്യന്‍ വേത്താനത്ത്, എസ്എംവൈഎം രൂപതാ ഡയറക്ടര്‍ ഫാ.മാണി കൊഴുപ്പന്‍കുറ്റി എന്നിവര്‍ പ്രസംഗിച്ചു. താഴത്തുപള്ളി സഹവികാരി ഫാ.ഏബ്രഹാം പെരിയപ്പുറം, കടുത്തുരുത്തി അഡറേഷന്‍ കോണ്‍വെന്റ് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ടിന്‍സാ എസ്എബിഎസ്, കൈക്കാരന്‍ ബേബിച്ചന്‍ നിലപ്പനകൊല്ലി, മാതൃവേദി ഫൊറോനാ പ്രസിഡന്റ് ലീന പട്ടേരില്‍, പീറ്റര്‍ കണ്ണംവേലില്‍, വിവിധ സംഘടനാ ഭാരവാഹികള്‍, ഇടവകാംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണമൊരുക്കിയത്. കുഞ്ഞച്ചന്റെ തിരുസ്വരൂപവുമായിട്ടാണ് വിളംബര ജാഥ പര്യടനം നടത്തിയത്. കുഞ്ഞച്ചന്റെ തിരുനാളിനോടുനുബന്ധിച്ചു പാലാ രൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന വിളംബര ജാഥയ്ക്കു തെരഞ്ഞെടുക്കപെട്ട 27 ഇടവക കേന്ദ്രങ്ങളിലാണ് സ്വീകരണമൊരുക്കിയത്. പാലാ ബിഷപ്പ് ഹൗസില്‍ നിന്നും തിങ്കളാഴ്ച്ച രാവിലെ ആരംഭിച്ച വിളബംര ജാഥ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റു വാങ്ങിയ ശേഷം രാമപുരത്ത് കുഞ്ഞച്ചന്റെ കബറിട തീര്‍ത്ഥാടന കേന്ദ്രത്തില്‍ ജാഥ സമാപിച്ചു. ഡിസിഎംഎസ് പ്രസിഡന്റ് ബിനോയി ജോണ്‍ അമ്പലക്കട്ടേല്‍, സെക്രട്ടറി ബിന്ദു ആന്റണി എന്നിവരാണ് ജാഥയ്ക്കു നേതൃത്വം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *