തൃശ്ശൂർ: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ ജാസ്മിൻ ജാഫർ കഴിഞ്ഞ ദിവസമാണ് റീൽസ് ചിത്രീകരണത്തിനായി ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ ഇറങ്ങിയത്.ഇതിന് പിന്നാലെ ക്ഷേത്രക്കുളത്തിൽ പുണ്യാഹം നടത്താനൊരുങ്ങുകയാണ് ഗുരുവായൂർ ദേവസ്വം.റീൽസ് ചിത്രീകരിക്കാനായി അഹിന്ദുവായ യുവതി ക്ഷേത്രക്കുളത്തിൽ കാൽ കഴുകിയ സംഭവത്തെ തുടർന്നാണ് പുണ്യാഹം നടത്തുന്നതെന്നും ക്ഷേത്രത്തിൽ 6 ദിവസത്തെ പൂജകളും ശീവേലിയും ആവർത്തിക്കുമെന്നും ദേവസ്വം ബോർഡ് ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. നാളെ രാവിലെ മുതൽ 18 പൂജകളും 18 ശീവേലിയും വീണ്ടും നടത്തും. നാളെ ഉച്ചവരെ ദർശനത്തിന് നിയന്ത്രണവും ഉണ്ടാകും. ശ്രീകൃഷ്ണ ഭഗവാനെ ആറാടിക്കുന്നത് ക്ഷേത്രക്കുളത്തിലാണ്. ക്ഷേത്രത്തിന്റെ ഭാഗമായ പവിത്രക്കുളത്തിൽ വീഡിയോ ചിത്രീകരണത്തിന് വിലക്കുണ്ട്. അഹിന്ദുക്കൾക്ക് കുളത്തിലിറങ്ങാൻ അനുമതിയുമില്ല.
ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ ജാസ്മിൻ ജാഫറിന്റെ റീൽസ് ചിത്രീകരിച്ചതിനു പിന്നാലെ ക്ഷേത്രക്കുളത്തിൽ പുണ്യാഹം നടത്താനൊരുങ്ങി ദേവസ്വം
