ദോഹ: ഇറാന്റെ എണ്ണ-വാതക സൗകര്യങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നത് മറ്റ് രാജ്യങ്ങളെ ബാധിക്കുന്ന ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഖത്തർ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ഖത്തർ ഊർജകാര്യ മന്ത്രിയും ഖത്തർ എനർജി സിഇഒയുമായ സഅദ് ഷെരീദ അൽ കഅബി വ്യക്തമാക്കി. എണ്ണ-വാതക അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വാഷിങ്ടൺ നിയന്ത്രിത സമീപനം സ്വീകരിക്കണമെന്നും ഖത്തർ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഗൾഫ് മേഖലയിലെ ഊർജ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമാക്കിയുള്ള ഇറാന്റെ ആക്രമണം രാജ്യത്തിന്റെ ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് (എൽഎൻജി) പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. വാർത്ത ഏജൻസിയായ റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി ഉൽപാദന കേന്ദ്രമായ റാസ് ലഫാനിലെ പ്ലാന്റുകൾക്ക് ഉണ്ടായ നാശനഷ്ടങ്ങൾ അടുത്ത അഞ്ച് വർഷത്തേക്ക് യൂറോപ്പിലും ഏഷ്യയിലുമുള്ള ഊർജ വിപണികളിലേക്കുള്ള വിതരണത്തെ ഗണ്യമായി ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ആക്രമണത്തിൽ ആർക്കും അപകടം ഉണ്ടായില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു.റാസ് ലഫാനെ ലക്ഷ്യമിട്ട ആക്രമണം ഖത്തറിന്റെ മൊത്തം എൽഎൻജി കയറ്റുമതി ശേഷിയുടെ 17 ശതമാനത്തെ ബാധിച്ചതായും മന്ത്രി വ്യക്തമാക്കി. വാതകം പ്രോസസ് ചെയ്യാനും ദ്രവീകൃതമാക്കാനും ഉപയോഗിക്കുന്ന കൂളിങ് യൂണിറ്റുകൾ ഉൾപ്പെടെയുള്ള നിർണായക അടിസ്ഥാന സൗകര്യങ്ങളാണ് ആക്രമണത്തിൽ നശിച്ചത്.റാസ് ലഫാനിലെ ഉൽപാദനം പൂർവസ്ഥിതിയിലാക്കാൻ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും വേണ്ടിവരുമെന്ന് വിലയിരുത്തുന്നു. അതേസമയം, രാജ്യത്തിന്റെ ഭാവി ഊർജ ശേഷി വർധിപ്പിക്കാൻ ലക്ഷ്യമിട്ടിരുന്ന നോർത്ത് ഫീൽഡ് വിപുലീകരണ പദ്ധതിക്കും തിരിച്ചടി നേരിടാനിടയുണ്ടെന്ന് മന്ത്രി സൂചിപ്പിച്ചു.തൽക്ഷണ നാശനഷ്ടങ്ങൾക്കപ്പുറം, മേഖലയിലെ സമഗ്ര സാമ്പത്തിക മേഖലകളിലും യുദ്ധത്തിന്റെ ആഘാതം പ്രകടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പ്രത്യാഘാതങ്ങൾ പൂർണമായും മറികടക്കാൻ 10 മുതൽ 20 വർഷം വരെ എടുത്തേക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇറാന്റെ ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണം മറ്റ് രാജ്യങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു: ഖത്തർ ഊർജ മന്ത്രി
