ദോഹ: തൃശൂർ ജില്ലാ സൗഹൃദ വേദി സംഘടിപ്പിച്ച ഇന്റർ സെക്ടർ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ-4 സമാപിച്ചു. ദോഹ ഡൈനാമിക് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ (ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ട്) എട്ടു ദിവസങ്ങളിലായി നീണ്ടുനിന്ന ടൂർണമെന്റിന്റെ ഫൈനലും സമാപന ചടങ്ങും വിജയികൾക്കുള്ള സമ്മാനദാനവും വ്യാഴാഴ്ചയാണ് സമാപിച്ചത്. എട്ട് രാത്രികളോളം ഫ്ലഡ് ലൈറ്റുകളുടെ തിളക്കത്തിൽ ആവേശഭരിതമായ മത്സരങ്ങളുമായി മുന്നേറിയ ടൂർണമെന്റിൽ സൗഹൃദ വേദിയുടെ 16 ടീമുകളിലായി (സെക്ടറുകൾ) 240 താരങ്ങളാണ് പങ്കെടുത്തത്. ആവേശഭരിതമായ ഫൈനലിൽ ഗസൽ ഗോൾഡ് കുന്ദംകുളത്തെ പരാജയപ്പെടുത്തി ക്യു.ആർ.ഐ ഗുരുവായൂർ ചാമ്പ്യന്മാരായി.സമാപനച്ചടങ്ങിൽ ഇന്ത്യൻ കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്, ഇന്ത്യൻ സ്പോർട്സ് സെന്റർ ജനറൽ സെക്രട്ടറി ഹംസ യൂസഫ്, ഐ.സിബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, എന്നിവരും മറ്റു പ്രമുഖരും മുഖ്യാതിഥികളായി പങ്കെടുത്തു. തൃശൂർ ജില്ലാ സൗഹൃദ വേദി ജനറൽ സെക്രട്ടറി ഇൻ ചാർജ് പ്രമോദ് മൂന്നിനി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് വിഷ്ണു ജയറാം ദേവ് അധ്യക്ഷത വഹിച്ചു. ചാമ്പ്യൻസ് ട്രോഫി വിഷ്ണു ജയറാം ദേവും റണ്ണേഴ്സ് അപ്പ് ട്രോഫി ഹംസ യൂസഫും വിജയികൾക്ക് സമ്മാനിച്ചു.തൃശൂർ ജില്ലയിലെ കളിക്കാരെ മാത്രം പങ്കെടുപ്പിച്ച് നടത്തിയ ടൂർണമെന്റ് വലിയ വിജയമായെന്നും ഇതുപോലുള്ള മത്സരങ്ങൾ വിപുലമാക്കാൻ സൗഹൃദ വേദിക്ക് കഴിയട്ടെയെന്നും ഇന്ത്യൻ സ്പോർട്സ് സെന്റർ ജനറൽ സെക്രട്ടറി ആശംസിച്ചു.ജാതി–മത–രാഷ്ട്രീയ വ്യത്യാസങ്ങൾ ഇല്ലാതെ ദോഹയിലെ എല്ലാ തൃശ്ശൂർക്കാരെയും സൗഹൃദ വേദിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് സീസൺ 4–ന് തിരശീല വീണു.സ്പോർട്സ് കമ്മിറ്റി ചെയർമാൻ അഷ്റഫിന്റെ നേതൃത്വത്തിൽ 50-ഓളം ഒഫീഷ്യൽസ് ആണ് ഒരു ആഴ്ച നീണ്ടുനിന്ന ടൂർണമെന്റ് നിയന്ത്രിച്ചത്. സൗഹൃദ വേദി കുടുംബാംഗങ്ങൾ അടക്കം നൂറുകണക്കിന് കാണികൾ കളിക്കാർക്ക് ആവേശം പകർന്നത് മത്സരങ്ങളുടെ തിളക്കം കൂട്ടി. ടൂർണമെന്റ് വിജയകരമാക്കുന്നതിൽ സഹകരിച്ച എല്ലാ സെക്ടറുകൾക്കും, സംഘാടകർക്കും, പ്രയോചകർക്കും, ടീം ഉടമകൾക്കും സ്പോർട്സ് കമ്മിറ്റി കൺവീനർ വിജയ് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.
തൃശൂർ ജില്ലാ സൗഹൃദവേദി സംഘടിപ്പിച്ച ഇന്റർ സെക്ടർ ക്രിക്കറ്റ് ടൂർണമെന്റിന് സമാപനം.ക്യു.ആർ.ഐ ഗുരുവായൂർ ചാമ്പ്യന്മാരായി
