കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം നാളെ

മണ്ണാര്‍ക്കാട്: ആധുനിക സൗകര്യങ്ങളോടൈ നിര്‍മിച്ച കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസിന്റെ പുതിയ കെട്ടിടം നാളെ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ചടങ്ങില്‍ എന്‍.ഷംസുദ്ദീന്‍ എംഎല്‍എ അധ്യക്ഷനാകും. വി.കെ ശ്രീകണ്ഠന്‍ എം.പി., സംസ്ഥാന ആസൂത്രണസമിതി മുന്‍ അംഗം സി.പി. ജോണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയകക്ഷിനേതാക്കള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.രണ്ടുകോടി രൂപ ചിലവിട്ടാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. മൂന്നുനിലകെട്ടിടത്തിന്റെ താഴെ വാഹനപാര്‍ക്കിങും ശൗചാലയവും ഒരുക്കിയിട്ടുണ്ട്. വട്ടമ്പലത്ത് പ്രവര്‍ത്തിച്ചിരുന്ന ഗ്രാമസേവകന്റെ ഓഫിസും പുതിയ കെട്ടിടത്തിലേക്ക് മാറും. എല്‍.എസ്.ജി.ഡി. വിഭാഗവും കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി ഓഫിസുകളും ഇവിടെ സജ്ജീകരിക്കപ്പെടുന്നതോടെ പഞ്ചായത്തിലെ സേവനങ്ങളെല്ലാം ഒരിടത്തു നിന്നുതന്നെ ലഭ്യമാകുമെന്ന പ്രത്യേകതയുമുണ്ട്. ഭിന്നശേഷിവിഭാഗക്കാര്‍ക്കായി റാംപ് സൗകര്യം ഉണ്ട്. 22 മാസംകൊണ്ടാണ് കെട്ടിടംപണി പൂര്‍ത്തീകരിച്ചത്. കുമരംപുത്തൂരിന്റെ രണ്ട് പതിറ്റാണ്ടായുള്ള സ്വപ്‌നാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്. നിര്‍മാണത്തില്‍ സാമ്പത്തിക കൃത്യത പുലര്‍ത്തിയിട്ടുണ്ട് എന്നും ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത്, വൈസ് പ്രസിഡന്റ് റസീന വറോടന്‍, സ്ഥിരംസമിതി അധ്യക്ഷരായ സഹദ് അരിയൂര്‍, പി.എം നൗഫല്‍ തങ്ങള്‍, ഇന്ദിര മടത്തുംപള്ളി, പഞ്ചായത്തംഗങ്ങളായ കെ.കെ ലക്ഷ്മിക്കുട്ടി, ഡി. വിജയലക്ഷ്മി, സിദ്ദിഖ് മല്ലിയില്‍, ഉഷ വള്ളുവമ്പുഴ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *