ചെന്നൈ: “കോൾഡ്രിഫ്’ കഫ് സിറപ്പ് കഴിച്ചതിനെത്തുടർന്ന് മധ്യപ്രദേശ്, രാജസ്ഥാൻ ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ കുട്ടികൾ മരിച്ച സംഭവത്തിൽ പിടിയിലായ വിവാദ ഫാർമ കന്പനി ഉടമ ജി. രംഗനാഥൻ റിമാൻഡിൽ. കോടതി രംഗനാഥനെ പത്തുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ശ്രേഷൻ ഫാർമയുടെ കോൾഡ്രിഫ് ചുമ സിറപ്പ് കഴിച്ച് സംസ്ഥാനത്ത് 20 കുട്ടികൾ മരിച്ചതായും അഞ്ചുപേർ ചികിത്സയിലാണെന്നും മധ്യപ്രദേശ് ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായ രാജേന്ദ്ര ശുക്ല പറഞ്ഞു. 20 കുട്ടികളിൽ 17 പേർ ചിന്ദ്വാര ജില്ലയിൽ നിന്നുള്ളവരും രണ്ട് പേർ ബേതുൽ ജില്ലയിൽ നിന്നുള്ളവരും ഒരാൾ പാണ്ഡുർന ജില്ലയിൽ നിന്നുമാണ്. അതേസമയം, അസംസ്കൃത വസ്തുക്കളുടെയും മരുന്നുകളുടെയും പരിശോധനയ്ക്കായി 1945 ലെ ഡ്രഗ്സ് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി.അതേസമയം, മാരകരാസവസ്തുക്കൾ കലർന്ന കഫ് സിറപ്പ് അമേരിക്കയിലേക്ക് അയച്ചിട്ടില്ലെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ സ്ഥിരീകരിച്ചു. ചുമയ്ക്കും ജലദോഷത്തിനും കുട്ടികൾക്കു കൊടുക്കുന്ന മരുന്നുകളിൽ ഡൈഎത്തിലീൻ ഗ്ലൈക്കോളും എഥിലീൻ ഗ്ലൈക്കോളും അടങ്ങിയിട്ടുണ്ടെന്ന റിപ്പോർട്ടുകളെക്കുറിച്ച് അറിയാമെന്നും യുഎസ് എഫ്ഡിഎ പറഞ്ഞു. ഇന്ത്യയിൽ വിൽക്കുന്ന മരുന്നുകൾ പരിശോധിക്കുന്നതിൽ പ്രാദേശിക സംവിധാനങ്ങളുടെ അഭാവമുണ്ടെന്ന് ലോകാരോഗ്യ സംഘടനയും അഭിപ്രായപ്പെട്ടു. അനുവദനീയമായ പരിധിയുടെ 500 മടങ്ങ് അളവിൽ വിഷാംശമുള്ള ഡൈഎത്തിലീൻ ഗ്ലൈക്കോൾ അടങ്ങിയ ചുമ മരുന്ന് കഴിച്ചതിനെത്തുടർന്നാണ് കഴിഞ്ഞ ഒരു മാസത്തിനിടെ ഇന്ത്യയിൽ കുട്ടികൾ മരണത്തിനിരയായത്. മരുന്നുകൾ മറ്റൊരു രാജ്യത്തേക്കും കയറ്റുമതി ചെയ്തിട്ടില്ലെന്ന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ അറിയിച്ചതായി എഫ്ഡിഎ വ്യക്തമാക്കി.
“കോൾഡ്രിഫ്’ ഉടമ രംഗനാഥൻ റിമാൻഡിൽ
