ഒരുകാലത്ത് ഇന്ത്യൻ യുവതികളുടെ ഹരമായിരുന്നു ബോബി ഡിയോൾ. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡ് ചലച്ചിത്രവ്യവസായത്തിന്റെ നെടുംതൂണുകളിലൊരാളായി മാറിയ ജനപ്രിയനടൻ. കരിയറിൽ മൂന്നു പതിറ്റാണ്ടുകൾ പിന്നിടുകയാണ് താരം. അഭ്രപാളിയിലെ മൂന്നു പതിറ്റാണ്ടുകൾ പ്രിയപ്പെട്ടവരുടെയും ആരാധകരുടെയുമൊപ്പം കേക്ക് മുറിച്ച് താരം ആഘോഷമാക്കി. ഇന്ത്യൻ വെള്ളിത്തിരയിലെ ഇതിഹാസതാരം ധർമേന്ദ്രയുടെ മകനായ ബോബി 1995 ഒക്ടോബർ ആറിന് പുറത്തിറങ്ങിയ “ബർസാത്ത്’ എന്ന ചിത്രത്തിലൂടെയാണ് നായകനായി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ, സിനിമയിൽ ബോബി മുഖം കാണിക്കുന്നത് ആറു വയസുള്ളപ്പോൾ ആണ്. 1977ൽ റിലീസ് ചെയ്ത “ധരം വീർ’ ആണ് ആ ചിത്രം. തന്റെ പിതാവിന്റെ ചെറുപ്പകാലം അഭിനയിച്ചാണു തുടക്കം. രാജ്കുമാർ സന്തോഷി സംവിധാനം ചെയ്ത “ബർസാത്ത്’, രാജേഷ് ഖന്ന-ഡിംപിൾ കപാഡിയ താദന്പതിമാരുടെ മകളായ ട്വിങ്കിൾ ഖന്നയുടെ അരങ്ങേറ്റചിത്രം കൂടിയായിരുന്നു.സിനിമാമേഖലയിലെ തന്റെ മുപ്പതു വർഷത്തെ ജീവിതത്തെക്കുറിച്ച് ബോബി ഡിയോൾ സോഷ്യൽ മീഡിയയിൽ ഹൃദയംഗമമായ കുറിപ്പ് എഴുതി- തന്റെ യാത്രയെ മൂല്യപൂർണമാക്കിയതിന് ആരാധകർക്ക് നന്ദി പറഞ്ഞായിരുന്നു കുറിപ്പ്. ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ സംവിധാനത്തിലൊരുങ്ങിയ നെറ്റ്ഫ്ലിക്സ് പരമ്പര, “ദി ബാ***ഡ്സ് ഓഫ് ബോളിവുഡ്’-ൽ മിന്നുന്ന പ്രകടനമാണ് 56കാരനായ ബോബി നടത്തിയത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വിവിധ കഥാപാത്രങ്ങളുടെ മൊണ്ടാഷ് വീഡിയോ പങ്കിടുകയും ചെയ്തിരുന്നു. ബർസാത്ത്, ദി ബാ***ഡ്സ് ഓഫ് ബോളിവുഡ്, സോൾജിയർ, ഗുപ്ത്, ബിച്ചൂ, ആശ്രമം, ആനിമൽ, ക്ലാസ് ഓഫ് 83, കരീബ്, ഹംറാസ് എന്നിവയുൾപ്പെടെ ബോബി ഡിയോളിന്റെ സിനിമകളുടെയും പരമ്പരകളുടെയും ഭാഗങ്ങൾ ഉൾപ്പെടുന്നതാണ് വീഡിയോ. ബോളിവുഡിലെ പ്രമുഖതാരങ്ങളും താരത്തിന് ആശംസ നേർന്നു. 2010-കളിൽ ബോബി ഡിയോളിന് കരിയറിൽ മോശം സാഹചര്യങ്ങൾ നേരിടേണ്ടിവന്നു. എന്നാൽ എംഎക്സ് പ്ലെയർ പരമ്പരയായ ആശ്രമമാണ് അദ്ദേഹത്തെ വീണ്ടും ശ്രദ്ധയിലേക്കു കൊണ്ടുവന്നത്. 2019-ൽ പുറത്തിറങ്ങിയ ഹൗസ്ഫുൾ 4-ന് ശേഷം അദ്ദേഹം അഭിനയിച്ച ആനിമൽ എന്ന ചിത്രത്തിലെ അബ്രാർ ഹഖ് എന്ന നിശബ്ദനായ വില്ലൻ കഥാപാത്രം പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. അനുരാഗ് കശ്യപിന്റെ ബന്ദർ, ആലിയ ഭട്ട്, ശർവാരി എന്നിവർക്കൊപ്പം യാഷ് രാജ് ഫിലിംസിന്റെ പ്രോജക്ട് ആൽഫ, തമിഴ് സൂപ്പർതാരം വിജയ്യുടെ ജനനായകൻ എന്നിവയാണ് ബോബിയുടെ പുതിയ ചിത്രങ്ങൾ.
“ബർസാത്ത്’ മുതൽ “Ba***ds Of Bollywood’ വരെ; സിനിമയിലെ 30 വർഷം ആഘോഷമാക്കി ബോബി ഡിയോൾ
