പേരാമംഗലം ചിറ്റിലപ്പള്ളിയിലെ രണ്ടു ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ ബംഗാൾ സ്വദേശി ബിശ്വജിത്ത് ബയൻ (30) നെ പോലീസ് പിടികൂടി. ചിറ്റിലപ്പള്ളി പഴമ്പുഴ ശ്രീ മഹാവിഷ്ണു ക്ഷേത്രം, പണിക്കപറമ്പ് കുടുംബ ക്ഷേത്രം എന്നിവിടങ്ങളിൽ ആയിരുന്നു ശനിയാഴ്ച പുലർച്ചെ കവർച്ച നടന്നത്. പഴമ്പുഴ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ച പഞ്ചലോഹ തിടമ്പ്, പ്രഭമണ്ഡലം ,വെള്ളിയാഭരണങ്ങൾ എന്നിവ പോലീസ് കണ്ടെടുത്തു. സംഭവം നടന്ന 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടാനും സാധനങ്ങൾ വീണ്ടെടുക്കാനും പോലീസിന് സാധിച്ചു. പണിക്കപറമ്പ് കുടുംബ ക്ഷേത്രത്തിലെ പണ്ടാരമാണ് മോഷ്ടിച്ചത്. കഴിഞ്ഞ 11ന് പുലർച്ചെ രണ്ടു മണിയോടെ ആയിരുന്നു മോഷണം. മോഷ്ടിക്കാൻ കയറിയ ഉടൻതന്നെ ഇയാൾ സിസിടിവി കേടാക്കിയിരുന്നു. എന്നാൽ ക്ഷേത്രത്തിന് അടുത്തേക്ക് ഒരാൾ വരുന്നത് ക്യാമറയിൽ പതിഞ്ഞിരുന്നു.10 മിനിറ്റിനുള്ളിൽ അടുത്തക്ഷേത്രത്തിലും ഇയാൾ മോഷണം നടത്തി. മോഷണം നടത്തുന്നതിനു മുമ്പ് പ്രതി ഇതുവഴി വന്നിട്ടുണ്ടാകാവുന്ന നിഗമനമാണ് കേസിന് വഴിതിരിച്ചുവിട്ടത് .ക്ഷേത്രത്തിലെ അറ്റകുറ്റപ്പണിക്കായി വന്ന മറുനാടൻ തൊഴിലാളികളുടെയും മോഷ്ടാവിന്റെയും സൈക്ലിളിൽ തോന്നിയ സാമ്യം ആണ് കേസ് തെളിയിക്കാൻ പോലീസിനേ സഹായിച്ചത്.
