ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ പദ്ധതികള്‍ വിജയകരം: മന്ത്രി വി. അബ്ദുറഹിമാന്‍

മലപ്പുറം : ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്ന പദ്ധതികള്‍ വിജയകരമെന്ന് കായിക-ഹജ്ജ്-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. നിലമ്പൂര്‍ നഗരസഭയിലെ മുമ്മുള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഇ-ഹെല്‍ത്ത് കാര്‍ഡ് വിതരണവും സ്ത്രീ ക്ലിനിക്കിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ആരോഗ്യ രംഗത്ത് അടിസ്ഥാനപരമായ മാറ്റങ്ങളാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ആരോഗ്യ മേഖലയിലെ എല്ലാ പ്രവര്‍ത്തനങ്ങളും ജനങ്ങളിലേക്ക് എത്തിക്കാന്‍ ആരോഗ്യ വകുപ്പിന് സാധിച്ചിട്ടുണ്ട്. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും നല്‍കുന്ന സേവനങ്ങളിലൂടെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നു. ആശുപത്രികളില്‍ മുമ്പ് ഉണ്ടായിരുന്ന സാഹചര്യമല്ല ഇപ്പോള്‍. പുതിയ കാലത്തിനനുസൃതമായി പുതിയ രോഗങ്ങളുമുണ്ട്. അവയെ പ്രതിരോധിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം വലുതാണ്. അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയ ഉള്‍പ്പെടെ നൂതന സേവനങ്ങള്‍ നമ്മുടെ നാട്ടിലും ഉടന്‍ പ്രാവര്‍ത്തികമാക്കും. വാടക കെട്ടിടത്തിലെ മുമ്മുള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന് സ്വന്തം കെട്ടിടം നിര്‍മിക്കാനുള്ള ഫണ്ട് നീക്കി വെച്ച് ജനങ്ങള്‍ക്ക് കൂടുതൽ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും  അദ്ദേഹം പറഞ്ഞു.

നിലമ്പൂര്‍ നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ മന്ത്രി ഇ-ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്തു. കാര്‍ഡിലെ ക്യൂ.ആര്‍. കോഡ് സ്‌കാന്‍ ചെയ്ത് വേണം ഒ.പി. ടിക്കറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍.
ആരോഗ്യ വകുപ്പ് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി. അനൂപ്, നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ കക്കാടന്‍ റഹീം, വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി.എം. ബഷീര്‍, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ സ്‌കറിയ  കിനാന്തോപ്പില്‍, കൗണ്‍സിലര്‍മാരായ യു.കെ. ബിന്ദു, റനീഷ് കുപ്പായി, ശബരീശന്‍ പൊറ്റക്കാട്, ഗോപാലകൃഷ്ണന്‍, സ്വപ്ന, ആസ്യ താജിയ, വൈറുനീസ, മുമ്മുള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. ജെബി ജോര്‍ജ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *