ദോഹ: ഖത്തർ തൊഴിൽ മന്ത്രാലയത്തിന്റെ കമ്യൂണിറ്റി അഡ്വൈസർമാരായി ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) പ്രസിഡന്റ് ഷാനവാസ് ബാവയെയും എം.സി അംഗവും തൊഴിലാളി-മത്സ്യത്തൊഴിലാളി ക്ഷേമ വിഭാഗം ഹെഡുമായ ശങ്കർ ഗൗഡിനെയും തെരഞ്ഞെടുത്തു. ഇന്ത്യൻ കമ്യൂണിറ്റിക്കിടയിലെ സേവന പ്രവർത്തനം, നേതൃത്വം എന്നിവ മുൻനിർത്തിയാണ് തൊഴിൽ മന്ത്രാലയം ഇരുവരേയും കമ്യൂണിറ്റി അഡ്വൈസർമാരായി തെരഞ്ഞെടുത്തത്. ശങ്കർ ഗൗഡ് തെലങ്കാന സ്വദേശിയാണ്.
തൊഴിലാളികൾ ഉൾപ്പെടുന്ന പ്രവാസി സമൂഹത്തിനിടയിലെ ജീവകാരുണ്യ, ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഐ.സി.ബി.എഫിന്റെ പ്രസിഡന്റായ ഷാനവാസ് ബാവ തൃശൂർ കൈപ്പമംഗലം സ്വദേശിയാണ്. ദോഹയിൽ ചാർട്ടേഡ് അക്കൗണ്ടിന്റായി പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ പ്രഫഷനൽ മികവും സംഘാടന ശേഷിയും ഖത്തറിലെ ഇന്ത്യൻ സമൂഹം അടുത്തറിഞ്ഞിട്ടുണ്ട്.
ഐ.സി.ബി.എഫിന്റെ പ്രവർത്തനങ്ങളും സേവനങ്ങളും ഖത്തറിലെ എല്ലാ ദിക്കുകളിലും എത്തിക്കുന്നതിന് അദ്ദേഹം പ്രധാന്യം നൽകി. കേരള ബിസിനസ് ഫോറം (കെ.ബി.എഫ്) മുൻ പ്രസിഡന്റുമായിരുന്നു. തൃശൂർ എം.ടി.ഐയിലെ ലെക്ചറർ സസ്നയാണ് ഭാര്യ. മോഡൽ എൻജിനീയറിങ് കോളജ് വിദ്യാർഥിനി ഹന്ന ഫാത്തിമ മകളാണ്.
