തിരുവല്ല : മാർ അത്തനാസിയോസ് കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് (മാക്ഫാസ്റ്റ്)സിൽവർ ജൂബിലി ആഘോഷവും സ്വയംഭരണ പദവിയുടെ ഔദ്യോഗിക പ്രഖ്യാപനവും ഒക്ടോബർ 14 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തിരുവല്ല സെന്റ് ജോൺസ് മലങ്കര കത്തോലിക്ക മെട്രോപൊളിറ്റൻ കത്തീഡ്രൽ ഹാളിൽ വച്ച് നടന്നു.
മലങ്കര കത്തോലിക്ക സഭയുടെ മേജർ ആർച്ച് ബിഷപ്പ് കാതോലിക്കോസ് മോറന്‍ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലിമിസ് ബാവ അധ്യക്ഷത വഹിച്ചു. കേരള സഹകരണ- തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി ശ്രീ.വി.എൻ വാസവൻ ഉന്നത വിദ്യാഭ്യാസമേഖലയിലും സാമൂഹികസേവനരംഗത്തും മാക്ഫാസ്റ്റ് കഴിഞ്ഞ 25 വർഷക്കാലം നടത്തിയ പ്രവർത്തനങ്ങളെ പ്രശംസിച്ചു കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
തിരുവല്ല മെട്രോപൊളിറ്റൻ ആർച്ച്ബിഷപ്പ് മോസ്റ്റ് റവ. ഡോ. തോമസ് മാർ കൂറിലോസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ മാക്ഫാസ്റ്റ് കോളേജിന്റെ 25 വർഷത്തെ വിജയയാത്രയെക്കുറിച്ചും സ്ഥാപനത്തിന്റെ ദർശനം കോളേജിന്റെ വളർച്ചയിൽ വഹിച്ച പങ്കിനെക്കുറിച്ചും പ്രിൻസിപ്പൽ ഡോ. വർഗീസ് കെ. ചെറിയാൻ സംസാരിച്ചു.
മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഡോ. സി.ടി അരവിന്ദകുമാർ മാക്ഫാസ്റ്റിന്റെ സ്വയംഭരണ പദവി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അക്കാദമിക – അക്കാമികേതര മികവും, ഗവേഷണരംഗത്തെ നേട്ടങ്ങളും, കർത്തവ്യബോധത്തോടുകൂടിയ പ്രവർത്തനങ്ങളുമാണ് മാക്ഫാസ്റ്റ് കോളേജിനെ സ്വയംഭരണപദവിയിലേക്ക് നയിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല MLA , ശ്രീ. ആന്റോ ആന്റണി എം. പി, അഡ്വ. മാത്യു ടി. തോമസ് എംഎൽഎ, തിരുവല്ല മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി. അനു ജോർജ്, എം.ജി സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ. റെജി സഖറിയ, കേരള സ്റ്റേറ്റ് എജ്യൂക്കേഷൻ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, മുൻസിപ്പൽ കൗൺസിലർ ശ്രീ. ഫിലിപ്പ് ജോർജ് തുടങ്ങി രാഷ്ട്രീയ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖവ്യക്തിത്വങ്ങൾ ചടങ്ങിന് ആശംസ അറിയിച്ചു.
മാക്ഫാസ്റ്റ് കോളേജിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം മേധാവി ശ്രീ. റ്റിജി തോമസ് രചിച്ച ‘അവ്യക്തതയുടെ സന്ദേഹങ്ങൾ’ എന്ന ചെറുകഥാ സമാഹാരത്തിന്റെ പ്രകാശനം നടന്നു. പുസ്തകത്തിന്റെ ആദ്യപ്രതി ബഹുമാനപ്പെട്ട സഹകരണ – തുറമുഖം – ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. വി. എൻ. വാസവനിൽ നിന്നും മലങ്കര കത്തോലിക്ക സഭയുടെ മേജർ ആർച്ച്ബിഷപ് മോറൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലിമിസ് ബാവ ഏറ്റുവാങ്ങി.
മാക്ഫാസ്റ്റ് കോളേജ് മാനേജറും അഡ്മിനിസ്ട്രേറ്ററുമായ ഫാ. ഈപ്പൻ പുത്തൻപറമ്പിൽ കൃതജ്ഞത അർപ്പിച്ചു.
തിരുവല്ല മലങ്കര കത്തോലിക്ക അതിരൂപതയുടെ മേൽനോട്ടത്തിൽ മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്ക് കീഴിൽ 2001ൽ സ്ഥാപിതമായ മാക്ഫാസ്റ്റ് നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിഷൻ കൗൺസിലിന്റെ A+ ഗ്രേഡ് കോളേജാണ്.UGC (2f), AICTE അംഗീകാരം എന്നിവയ്ക്ക് പുറമേ ഭാരതസർക്കാർ DSIR വകുപ്പിന്റെ പ്രത്യേക അംഗീകാരവും കോളേജിന് ലഭിച്ചിട്ടുണ്ട്.
MBA, MCA, MSW, M.Sc വിഭാഗങ്ങളിലായി 6 ബിരുദാനന്തരബിരുദ കോഴ്സുകളും, BBA,BCA, B.Com, B.Sc തുടങ്ങി 4 ഡിഗ്രി കോഴ്സുകളും കോളേജ് നടത്തുന്നു. മാനേജ്മെന്റ് സ്റ്റഡീസ്, ബയോസയൻസ് വകുപ്പുകളിൽ പ്രവർത്തിക്കുന്ന ഗവേഷണ കേന്ദ്രങ്ങൾ ബയോടെക്നോളജി, നാനോ ടെക്നോളജി,കാൻസർപരിശോധന മുതലായ മേഖലകളിൽ ഗവേഷണ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.നാഷണൽ സൈബർ സെക്യൂരിറ്റി റിസർച്ച് സെന്റർ കോളേജിനെ സാങ്കേതിക മികവിന്റെ കേന്ദ്രമാക്കുന്നു.
NIRF 2024 റാങ്കിങ്ങിൽ 201-300 വിഭാഗത്തിൽ സ്ഥാനം നേടിയ മാക്ഫാസ്റ്റ് കോളേജ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ എക്‌സലൻസ് അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.
കേരളത്തിലെ ആദ്യ സോളാർ പവർഡ് ക്യാമ്പസ്,കേരളത്തിലെ ആദ്യ ക്യാമ്പസ് കമ്മ്യൂണിറ്റി റേഡിയോ കേന്ദ്രമായ റേഡിയോ മാക് ഫാസ്റ്റ് 90.4FM, ഹരിത ക്യാമ്പസ് പദവി എന്നിങ്ങനെയുള്ള സവിശേഷനേട്ടങ്ങളും മാക്ഫാസ്റ്റിനുണ്ട്.
വിദ്യാർത്ഥികൾക്ക് സൗജന്യ സ്റ്റാർട്ടപ്പ് സൗകര്യമൊരുക്കുന്ന സ്റ്റാർട്ടപ്പ് കേന്ദ്ര ഫോർ യൂ (SKY),മാക്ഫാസ്റ്റ് പ്ലേസ്മെന്റ് സെൽ എന്നിവ കോളേജിന്റെ പ്രധാന ആകർഷണങ്ങളാണ്.
രജതജൂബിലി ആഘോഷ വേളയിൽ ലഭിച്ച സ്വയംഭരണപദവി മാക്ഫാസ്റ്റിന്റെ അതുല്യ യാത്രയുടെ പുതിയ അധ്യായമായിത്തീർന്നിരിക്കുന്നു.
25 വർഷക്കാലം ഗുണമേന്മയുള്ളതും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസം നൽകിയ മാക്ഫാസ്റ്റ് സ്വയംഭരണപദവിയിലൂടെ ഭാവി തലമുറയ്ക്ക് പ്രതീക്ഷയും പ്രചോദനവുമാകും.
