ദോഹ: കാനഡയിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി മൂന്ന് വർഷത്തെ ഒളിവിന് ശേഷം ഖത്തറിൽ പിടിയിലായി. കൊലപാതകം, ലഹരിക്കടത്ത് ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി റെഡ് നോട്ടീസ് പുറപ്പെടുവിച്ച 38കാരനായ റാബിഹ് അൽഖലീൽ ആണ് പിടിയിലായത്. കൊലപാതക കേസിൽ വിചാരണയിലിരിക്കെ കാനഡയിലെ ജയിലിൽനിന്ന് രക്ഷപ്പെട്ട ഇയാൾ മൂന്നു വർഷമായി ഒളിവിലായിരുന്നുവെന്ന് ഇന്റർപോൾ വ്യക്തമാക്കി. കൊലക്കേസിൽ വിചാരണ നേരിടുന്നതിനിടെ കാനഡയിലെ ജയിലിൽ നിന്ന് രക്ഷപ്പെട്ട ഇയാൾക്കെതിരെ ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കാനഡയിലേക്ക് തിരിച്ചയക്കുന്നതുവരെ അൽഖലീലിനെ ഖത്തറിൽ തടങ്കലിൽ വെക്കുമെന്ന് ഇന്റർപോൾ സ്ഥിരീകരിച്ചു. ആഭ്യന്തര മന്ത്രാലയം, ദോഹയിലെയും ഓട്ടവയിലെയും ഇന്റർപോൾ സെൻഡ്രൽ ബ്യൂറോകൾ, റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ്, ലൈസൺ ഓഫിസർമാർ, ബ്രിട്ടീഷ് കൊളംബിയയിലെ കംബൈൻഡ് ഫോഴ്സസ് സ്പെഷൽ എൻഫോഴ്സ്മെന്റ് യൂനിറ്റ്, ആർ.സി.എം.പി ഫെഡറൽ പൊലീസിങ് പസഫിക് റീജിയൺ എന്നിവയുടെ സഹകരണത്തിലൂടെയാണ് ഇയാളെ പിടികൂടിയതെന്നും ഇന്റർപോൾ അറിയിച്ചു. എന്നാൽ, അറസ്റ്റിനെക്കുറിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം കൂടുതൽ വിശദീകരണം പുറത്തിറക്കിയിട്ടില്ല.