അധികാരികള്‍കയ്യൊഴിഞ്ഞു, വില്ലേജ് ആഫീസ് പൂർത്തിയാക്കാൻ സ്പോൺസര്‍മാരെ തേടി ജീവനക്കാര്‍

പീരുമേട്: വില്ലേജ് ആഫീസ് പൂർത്തിയാക്കാൻ
സ്പോൺസര്‍മാരെ തേടി ജീവനക്കാര്‍.അരക്കോടി രൂപ അനുവദിച്ചിട്ടും നിര്‍മാണം പൂര്‍ത്തിയാകാത്ത കൊക്കയാര്‍ വില്ലേജ് ആഫീസില്‍ ഗൃഹപ്രവേശനം നടത്താനാകാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് ഉദ്യോഗസ്ഥരും നാട്ടുകാരും.മൂന്നു വര്‍ഷം മുമ്പ് പീരുമേട് നിയോജക മണ്ഡലത്തിലെ നാലു വില്ലേജ് ആഫീസ് നിര്‍മിക്കുന്നതിനാണ് അരക്കോടി രൂപ വീതം സര്‍ക്കാര്‍ അനുവദിച്ചത്.കെട്ടിടം അനുബന്ധ പ്രവര്‍ത്തന സംവിധാനം, ഫര്‍ണിച്ചറുകള്‍ എന്നിവയടക്കമാണ് തുക അനുവദിച്ചത്. പീരുമേട്, ഉപ്പുതറ, മഞ്ചുമല വില്ലേജ് ആഫീസികള്‍ എസ്റ്റിമേറ്റ് പ്രകാരം നിര്‍മാണവും ഫര്‍ണീഷിങുംപൂര്‍ത്തിയാക്കി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ആറുമാസം പിന്നിട്ടു. എന്നാല്‍ കെട്ടിട നിര്‍മാണത്തിനുമാത്രം 44 ലക്ഷം രൂപ ചിലവഴിച്ചന്നു രേഖയുണ്ടാക്കി പാതി വഴിയിലാക്കിയിരിക്കുകയാണ് കൊക്കയാര്‍ വില്ലേജ് ആഫീസ് നിര്‍മാണം. നിയോജകമണ്ഡലത്തിലെ മൂന്നു വില്ലേജ് കെട്ടിടങ്ങള്‍ ഇതേ എസ്റ്റിമേറ്റില്‍ പൂര്‍ത്തികരിച്ചപ്പോള്‍ വീണ്ടും പതിനാറു ലക്ഷം രൂപ കൂടി വേണമെന്ന കരാറുകാരന്റെയും ചില ജനപ്രതിനിധികളുടെയും ആവശ്യത്തില്‍ അഴിമതിയാണന്ന ആക്ഷേപം ശക്തമാണ്. വില്ലേജ് ആഫീസ് സന്ദര്‍ശിച്ച സബ്കലക്ടര്‍ക്ക് ഇതുസംബന്ധിച്ചു കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണി ആന്റണി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ 44 ലക്ഷം രൂപ സര്‍ക്കാര്‍ തിരിച്ചു പിടിച്ചു.ഇതാണ് ഉദ്യോഗസ്ഥരെ തെരുവിലിറക്കാന്‍ കാരണമായിരിക്കുന്നത്.വില്ലേജിന്റെ പരിധിയിലെ വിവധ വീടുകളിലും സ്ഥാപനങ്ങളിലും കയറിയിറങ്ങിഫര്‍ണിച്ചറുകള്‍ക്ക് സ്‌പോണ്‍സര്‍മാരെ തേടുകയാണ്. കെട്ടിടം പൊളിച്ചു നീക്കിയാണ് പുതിയ കെട്ടിട നിര്‍മാണം ആരംഭിച്ചത്.പകരം മറ്റൊരുവാടക കെട്ടിടത്തിലേക്ക് വില്ലേജ് ആഫീസ് പ്രവര്‍ത്തനം മാറ്റിയിരുന്നു.അസൗകര്യങ്ങള്‍ക്ക് നടുവില്‍ വീര്‍പ്പു മുട്ടി വില്ലേജ് പ്രവര്‍ത്തനം നടത്താന്‍ തുടങ്ങിയിട്ട് മൂന്നു വര്‍ഷം കഴിഞ്ഞു.വില്ലേജ് ആഫീസറാണ് നിലവിലെ കെട്ടിടത്തിന്റെ
വാടകയും വൈദ്യുത ബില്ലും അടച്ചു വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *