അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന് ടേക്ഓഫിന് തൊട്ടുമുമ്പ് തീപിടിച്ചു. യു എസിലെ ഡെന്‍വര്‍ വിമാനത്താവളത്തില്‍ ആണ് സംഭവം നടന്നത്. റണ്‍വേയില്‍ വെച്ച് ലാന്‍ഡിങ് ഗിയര്‍ തകരാറായതിനെ തുടര്‍ന്ന് തീയും പുകയും ഉയരുകയായിരുന്നു. തുടര്‍ന്ന് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തി 173 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. ഒരാള്‍ക്ക് നിസാര പരുക്കേറ്റതായി അധികൃതര്‍ അറിയിച്ചിരുന്നു.മിയാമിയിലേക്ക് പോകുന്ന ബോയിംഗ് 737 മാക്സ് 8 മോഡൽ എഎ-3023 വിമാനത്തിനാണ് പ്രശ്നമുണ്ടായത്. ടയറില്‍ തകരാറുണ്ടെന്ന് എയര്‍ലൈന്‍ പിന്നീട് അറിയിച്ചു. പരിഭ്രാന്തരായ യാത്രക്കാര്‍ എമർജൻസി എക്സിറ്റ് വഴി ഊർന്നിറങ്ങുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. പ്രദേശമാകെ പുക നിറഞ്ഞിരുന്നു.ഡെന്‍വര്‍ വിമാനത്താവളത്തില്‍ നിന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 2.45 ഓടെയാണ് സംഭവം. പുറപ്പെടുമ്പോള്‍ വിമാനത്തിന് ലാന്‍ഡിങ് ഗിയര്‍ തകരാറുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് (എഫ് എ എ) അറിയിച്ചു. യാത്രക്കാരെ റണ്‍വേയില്‍ നിന്ന് ഒഴിപ്പിച്ച് ബസില്‍ ടെര്‍മിനലിലേക്ക് കൊണ്ടുപോയി. തീപിടിത്തത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുമെന്ന് എഫ് എ എ അറിയിച്ചു.
അമേരിക്കയില്‍ ടേക്ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് തീപിടിച്ചു
