- കാപ്പിയുടെ അളവിലല്ല, കുടിക്കുന്ന സമയത്തിനാണു പ്രാധാന്യമെന്നു ഗവേഷകർ
മിതമായ അളവിൽ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിനു ഗുണകരമാണെന്നു നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ, കാപ്പി കുടിക്കേണ്ട ഉചിതമായ സമയത്തെക്കുറിച്ച് പഠനം നടന്നിട്ടില്ല. യുഎസിലെ തുലെയ്ൻ സർവകലാശാലയിലെ ഗവേഷകർ ഇതുമായി ബന്ധപ്പെട്ട പഠനറിപ്പോർട്ട് പുറത്തുവിട്ടു. വിവിധ വിഭാഗത്തിലുള്ള ആളുകളിൽ ഒരു ദശാബ്ദത്തോളം കാലമാണു ഗവേഷകർ പഠനം നടത്തിയത്.
കാപ്പി കുടിക്കുന്നതിന്‍റെ സമയക്രമവും ആരോഗ്യഫലങ്ങളും പരിശോധിക്കുന്ന ആദ്യ പഠനമാണിതെന്ന് ഗവേഷകസംഘത്തിലെ ഡോ. ലു ക്വി പറഞ്ഞു. കാപ്പി കുടിയുടെ രണ്ടു വ്യത്യസ്ത പാറ്റേണുകളിൽ 40,725 പേരാണു പങ്കാളികളായത്.
രാവിലെ കാപ്പി കുടിക്കുന്നതു ദീർഘായുസ് നൽകുമെന്ന് പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. ദിവസത്തിൽ പലപ്രാവശ്യം അല്ലെങ്കിൽ വൈകിട്ടു മാത്രം കാപ്പി കുടിക്കുന്നവരേക്കാൾ രാവിലെ മാത്രം കാപ്പി ഉപയോഗിക്കുന്നവരിൽ മരണനിരക്കു കുറവാണെന്ന് ഗവേഷകർ പറയുന്നു. കാപ്പിയുടെ അളവിലല്ല, കുടിക്കുന്ന സമയത്തിനാണു പ്രാധാന്യമെന്നു ഗവേഷണം തെളിയിച്ചതായും ശാസ്ത്രജ്ഞർ അവകാശപ്പെട്ടു.
മറ്റുള്ളവരെ അപേക്ഷിച്ച്, രാവിലെ കാപ്പി കുടിക്കുന്നവരിൽ മരണസാധ്യത 16 ശതമാനം കുറവാണെന്ന് ഗവേഷകർ കണ്ടെത്തി. മാത്രമല്ല, അവർ ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത 31 ശതമാനം കുറവാണെന്നും ഗവേഷകർ.