വെള്ളൂരിൽ എയിംസ് നിഷേധിച്ച സർക്കാർ തീരുമാനം പുന:പരിശോധിക്കണം; കോൺഗ്രസ്

കേരളത്തിന് അനുവദിക്കുന്ന നിർദ്ദിഷ്ഠ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ് )വെള്ളൂരിൽ സ്ഥാപിക്കണമെന്ന ആവശ്യം നിരാകരിച്ച സംസ്ഥാന സർക്കാർ നിലപാടിൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രതിഷേധിച്ചു. എയിംസ് അനുവദിക്കാൻ സംസ്ഥാന സർക്കാർ നിർദ്ദേശിക്കുന്ന സ്ഥലങ്ങളുടെ പട്ടികയിൽ വെള്ളൂരിലെ പത്രക്കടലാസ് നിർമ്മാണ ശാലയുടെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം ഉൾപ്പെടുത്തണമെന്ന് നിയമസഭയിൽ വൈക്കം എം.എൽ.എ ഉന്നയിച്ച ആവശ്യം തള്ളിക്കളഞ്ഞു കൊണ്ട് ആരോഗ്യ വകുപ്പ് മന്ത്രിയും വ്യവസായ വകുപ്പ് മന്ത്രിയും പറഞ്ഞ അഭിപ്രായങ്ങൾ വസ്തുതാ വിരുദ്ധവും ദുരൂഹവുമാണ്. കെ.പി.പി.എല്ലിൻ്റെ നിലവിലുള്ള പ്രവർത്തനങ്ങൾ പോലും കാര്യക്ഷമമല്ലാത്ത സാഹചര്യം നിലനിൽക്കെയാണ് രണ്ടാംഘട്ട നിർമ്മാണം ആരംഭിച്ചതിനാൽ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി വിട്ടുനൽകാൻ കഴിയില്ലന്ന് വ്യവസായമന്ത്രി നിയമസഭയിൽ പറഞ്ഞത് സഭയെ തെറ്റിദ്ധരിപ്പിക്കലായിരുന്നെന്നും കോൺഗ്രസ് ആരോപിച്ചു.ഹിന്ദുസ്ഥാൻ ന്യൂസ്പ്രിൻ്റ് ഫാക്ടറിയുടെ 690 ഏക്കർ സ്ഥലം നിസാര വിലയ്ക്ക് കേന്ദ്രസർക്കാരിൽ നിന്നും സംസ്ഥാന സർക്കാർ കെ.പി. പി. എല്ലിനു വേണ്ടി ഏറ്റെടുത്തിട്ടുള്ളതാണ്. ഇതിൽ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന കേരള റബ്ബർ ലിമിറ്റഡിന് 160 ഏക്കർ വിട്ടു നൽകിയെങ്കിലും നാനൂറ് ഏക്കറോളം ഭൂമി കാടുകയറി കിടക്കുകയാണ്. എയിംസ് ആരംഭിക്കുവാൻ ആവശ്യമായ 200 ഏക്കർ ഭൂമി സർക്കാർ വിട്ടു നൽകുവാൻ തയ്യാറായാൽ എയിംസ് യഥാർത്ഥ്യമാകും.റെയിൽ, റോഡ്, വിമാനത്താവളം, വെള്ളം, വൈദ്യുതി തുടങ്ങിയ എല്ലാ സൗകര്യങ്ങളുമുള്ള ഈ ഭൂമി എയിംസ് ആരംഭിക്കുവാൻ തികച്ചും അനുയോജ്യമാണ്.എയിംസും അനുബന്ധ സ്ഥാപനങ്ങളും സ്ഥാപിക്കാൻ കഴിഞ്ഞാൽ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് മുതൽ കൂട്ടാകുന്ന ഒരു പദ്ധതി ആയി തീരും.കേരളത്തിന്റെ ഭാവി സാധ്യതകളായ, ആരോഗ്യ ടൂറിസം, അന്തർദേശീയ നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഐ.ടി പാർക്കുകൾ, ഹോസ്പിറ്റാലിറ്റി ബിസ്സിനസ്സുകൾ എന്നിവക്കായി ഇവിടെ ഒരു മെട്രോ ടൗൺഷിപ്പായി ഇതിനെ രൂപപ്പെടുത്താൻ കഴിയും.മധ്യകേരളത്തിൽ എറണാകുളത്തിന്റേയും, ആലപ്പുഴയുടേയും, കോട്ടയത്തിന്റേയും, ഇടുക്കിയുടേയും ടൂറിസ്റ്റ് സൗകര്യങ്ങളുടെ മികച്ച സാധ്യതകൾ ഉപയോഗപ്പെടുത്താൻ കഴിയുന്ന മെഡിക്കൽ, ടൂറിസം, ഹോസ്പ്പിറ്റാലിറ്റി ഹബ്ബായി ഇവിടം വളർച്ച പ്രാപിക്കും.സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത ഇല്ലാതെ നടപ്പിലാക്കാൻ കഴിയുന്ന പദ്ധതി എന്ന നിലയിൽ വെള്ളൂരിലെ സ്ഥലം എയിംസിനായി വിട്ടു നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് തലയോല ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡൻ്റ് എം.കെ. ഷിബു അധ്യക്ഷത വഹിച്ചു.വി.ടി. ജയിംസ്,ടി.കെ.കുര്യാക്കോസ്, എം.ആർ. ഷാജി, ഷൈൻ പ്രകാശ്, എസ്.ശ്യാംകുമാർ, ജോസ് വേലിക്കകം വി.ആർ.അനിരുദ്ധൻ, കെ. ഡി. ദേവരാജൻ ,വി.ജെ. ബാബു,പോൾ തോമസ്,വിജയമ്മ ബാബു, സി.ജി.ബിനു,ജസ്സി വർഗ്ഗീസ്, കുമാരികരുണാകരൻ, കെ.എം.രഞ്ജിത്ത്, സി.എ.നൗഷാദ്, വിജയൻ മാനാമ്പ്ര എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *