കോതമംഗലം നിയോജക മണ്ഡലം തല ഐസൊലേഷൻ സെന്റർ വാരപ്പെട്ടിയിൽ ഉടൻപ്രവർത്തനം ആരംഭിക്കും -മന്ത്രി വീണാ ജോർജ്

കോതമംഗലം: കോതമംഗലം നിയോജക മണ്ഡലം തല ഐസൊലേഷൻ സെന്റർ വാരപ്പെട്ടിയിൽ ഉടൻപ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യ- മന്ത്രി വീണാ ജോർജ് നിയമസഭയിൽ അറിയിച്ചു. ഐസൊലേഷൻ സെന്ററിന്റെ പ്രവർത്തികൾ വേഗത്തിൽ പൂർത്തീകരിച്ച്സെന്ററിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നുള്ള ആന്റണി ജോൺ എം എൽ എയുടെ നിയമസഭ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം സഭയിൽ വ്യക്തമാക്കിയത്.കോതമംഗലം മണ്ഡലത്തിൽ വാരപ്പെട്ടി പഞ്ചായത്തിലെ ഐസൊലേഷൻ സെന്ററിന്റെ നിർമ്മാണം നിലവിൽ 95 ശതമാനം പൂർത്തീകരിച്ചിട്ടുണ്ട്. പത്ത് കിടക്കകളുള്ള ഐസൊലേഷൻ വാർഡിനു വേണ്ട മെഡിക്കൽ ഗ്യാസ് സൗകര്യങ്ങൾ ഉൾപ്പെടെ എല്ലാവിധ ഉപകരണങ്ങളും ഉൾപ്പെടുന്ന 2400 സ്വയർ ഫീറ്റ് വിസ്തീർണമുള്ള പ്രീ എഞ്ചിനീയറിംഗ് സ്ട്രക്‌ചറുകളും ഉപയോഗിച്ചുള്ള നിർമ്മാണമാണ് നടന്നുവരുന്നത്. പത്ത് ഐസിയു ബെഡ്, ഡോക്ടർ റൂം -ഒന്ന്, നഴ്സിംഗ് സ്റ്റേഷൻ, പ്രൊസീഡിയർ റൂം, ഏഴു ടോയ് ലെറ്റ്, മെഡിക്കൽ ഗ്യാസ് പ്ലാൻ്റ് എന്നീ സൗകര്യങ്ങളാണ് ഐസൊലേഷൻ വാർഡിൽ ഒരുക്കിയിരിക്കുന്നത്.എം.എൽ.എ ഫണ്ടും, കിഫ്ബി ഫണ്ടും, തുല്യമായി വിനിയോഗിച്ച് 1,75,96,748 രൂപയാണ് ഐസോലേഷൻ വാർഡ് നിർമ്മാണത്തിനായി അനുവദിച്ചിരിക്കുന്നത്. കോതമംഗലം മണ്ഡലത്തിൽ വാരപ്പെട്ടി പഞ്ചായത്തിലെ ഐസൊലേഷൻ സെന്ററിന്റെ നിർമ്മാണത്തിൽ ഫിനിഷിംഗ് ജോലികൾ പുരോഗമിച്ചുവരുന്നു. ഇത് പൂർത്തീകരിച്ച് ഇലക്ട്രിക് കണക്ഷൻ ലഭിക്കുന്ന മുറക്ക് പ്രവർത്തനം ആരംഭിക്കുന്നതാണെന്ന് മന്ത്രി നിയമസഭയിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *