പീരുമേട്ടിലെ റിസോര്‍ട്ട് – ഹോംസ്റ്റേ ഉടമകള്‍ സംഘടന രൂപീകരിച്ചു

പീരുമേട് : പീരുമേട്ടിലെ റിസോര്‍ട്ട് – ഹോംസ്റ്റേ ഉടമകള്‍ ചേര്‍ന്ന് സംഘടന രൂപീകരിച്ചു. പീരുമേട് വില്ലേജ്, പീരുമേട് പഞ്ചായത്ത്, വണ്ടിപ്പെരിയാര്‍ പഞ്ചായത്തിന്റെ പതിനഞ്ചാം വാര്‍ഡ്‌ എന്നിവയില്‍  ഉള്‍പ്പെട്ട പ്രദേശത്തുള്ള റിസോര്‍ട്ട്, ഹോം സ്റ്റേ, സര്‍വീസ് വില്ല  ഉടമകളാണ് അംഗങ്ങള്‍. പരസ്പര ബന്ധമോ, സഹകരണമോ, സംഘടനയോ ഇതുവരെ ഉണ്ടായിരുന്നില്ല. അതിനാല്‍ത്തന്നെ പലവിധമായ ചൂഷണങ്ങളും പ്രയാസങ്ങളും നേരിടുകയായിരുന്നു റിസോര്‍ട്ട്, ഹോംസ്റ്റേ ഉടമകള്‍. പീരുമേട് റിസോര്‍ട്ട് ഓണേഴ്സ് അസോസിയേഷന്റെ രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ നടപടികളും പൂര്‍ത്തിയായതായി  ഭാരവാഹികള്‍ അറിയിച്ചു.പ്രധാന ടൂറിസം മേഖലകളായ പരുന്തുംപാറ, കുട്ടിക്കാനം, പീരുമേട് എന്നീ ടൂറിസം കേന്ദ്രങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ടൂറിസം വകുപ്പുമായും ജില്ലാ ഭരണകൂടം, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുമായി സഹകരിച്ച് ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളില്‍ പങ്കാളികളാകും. റിസോര്‍ട്ട്, ഹോംസ്റ്റേ, സര്‍വീസ് വില്ല ഉടമകളുടെ ബിസിനസ് വളര്‍ച്ചക്കും അതുവഴി അംഗങ്ങളുടെ സാമ്പത്തിക ഉന്നമനവും സംഘടന ലക്ഷ്യമിടുന്നു. റിസോര്‍ട്ടുകളും ഹോംസ്റ്റേകളും സര്‍വീസ് വില്ലകളും ലാഭകരമായി നടത്തിക്കൊണ്ടുപോകുന്നതിന് അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും സാങ്കേതിക പരിജ്ഞാനം നല്‍കുന്നതിന് സെമിനാറുകളും ക്ലാസുകളും നടത്തും. അംഗങ്ങള്‍ക്കും കുടുംബത്തിനും വേണ്ടി ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കും. ട്രാവല്‍ പാക്കേജുകള്‍, ടൂറിസം ഫെസ്റ്റുകള്‍, മേളകള്‍, ട്രേഡ് ഫെയറുകള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ നടപ്പിലാക്കുവാനും പദ്ധതിയുണ്ടെന്ന് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം, ജനറല്‍ സെക്രട്ടറി ഡോ.കെ.സോമന്‍, ട്രഷറര്‍  അരുണ്‍ ജോസഫ് എന്നിവര്‍ പറഞ്ഞു. അസോസിയേഷന്റെ പൊതുയോഗം സെപ്തംബര്‍ 13 ശനിയാഴ്ച രാവിലെ 10.30 ന് കുട്ടിക്കാനം ടോപ്പ് ഇന്‍ ടൌണ്‍ ഹോട്ടലില്‍ വെച്ച് കൂടും. സംഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ മനസ്സിലാക്കുന്നതിനും അംഗത്വം എടുക്കുന്നതിനും ഇവിടെ അവസരമുണ്ടാകും.ഭാരവാഹികളായി പ്രസിഡന്റ് – പ്രകാശ് ഇഞ്ചത്താനം, ജനറല്‍ സെക്രട്ടറി – ഡോ.കെ.സോമന്‍, ട്രഷറര്‍ – അരുണ്‍ ജോസഫ്, വൈസ് പ്രസിഡന്റ്മാര്‍ – രവീന്ദ്രന്‍ നായര്‍ കെ., പ്രമോദ് സെബാസ്റ്റ്യന്‍, സെക്രട്ടറിമാര്‍ – ജോണ്‍ ഫിലിപ്പ്, ജില്‍സ് എ.ജോസ്,കമ്മറ്റി അംഗങ്ങള്‍ – സാദിക് കെ.ഹനീഫ്, ജാനി നിസ്താര്‍, ജോബി ജോസഫ് എബ്രഹാം, ജോസ് കുര്യാക്കോസ്‌, ദീപേഷ് സി.ബി., ബിനോദ് സ്കറിയ എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *