പീരുമേട് : കൊട്ടാരക്കര ദേശീയപാതയിൽ ഇന്നലെ അപകടപരമ്പരയായിരുന്നു .രാവിലെ 11ന് മരുതുംമൂടിന് സമീപം രണ്ട് കാറും ഒരു ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. ആർക്കും പരുക്കില്ല ,എന്നാൽ രണ്ട് കാറുകളുടെ മുൻവശം നിശേഷം തകർന്നു. ഇതിന് അര കിലോമീറ്റർ താഴെയായി കെ.എസ്ആർ .ടി .സിയും കാറും തമ്മിൽ കൂട്ടിയിടിച്ചു. എതിരെ വന്ന വാഹനത്തെ മറികടന്ന കാർ നിയന്ത്രണം വിട്ട് കെ.എസ്.ആർ.ടി.സിയിൽ ഇടിക്കുകയായിരുന്നു. കൂടാതെ വളഞ്ചാങ്കാനം വെള്ളച്ചാട്ടത്തിന് സമീപം മാരുതി 800 കാർ ബസിനെ മറികടന്ന് വന്ന വാഹനത്തിൽ ഇടിക്കാതിരിക്കുന്നതിനായി വെട്ടിച്ചപ്പോൾ താഴെയുള്ള ഇല്ലിക്കൂട്ടത്തിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. അഗാധമായ കൊക്കയിലേക്ക് പതിക്കുന്നതിൽ നിന്നും വളർന്നു നിന്ന ഇല്ലിക്കൂട്ടം തുണയായി. ഉച്ചകഴിഞ്ഞ് തട്ടാത്തികാനത്തിന് സമീപം ബസ്സും പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. നാല് സംഭവങ്ങളിലും യാത്രക്കാർ എല്ലാവരും പരുക്ക് ഏൽക്കാതെ രക്ഷപ്പെട്ടു. എന്നാൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. കഴിഞ്ഞ ഞായറാഴ്ച തട്ടാത്തി കാനത്തിന് സമീപം തമിഴ്നാട്ടിൽ നിന്നെത്തിയ മിനിബസും ടാറും കൂട്ടിയിടിച്ച് നാല് പേർക്ക് ഗുരുതരമായി പരുക്കേ തിരുന്നു. ഓണാവധി ആരംഭിച്ച തോടുകൂടി വഴി നിശ്ചയമില്ലാത്ത മറ്റു പ്രദേശങ്ങളിൽ നിന്നുള്ള ഡ്രൈവർമാർ അമിത വേഗതയിൽ എത്തുന്നതും ചാറ്റൽ മഴയും മൂടൽ മഞ്ഞും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.


