എറണാകുളം അതിരൂപതയുടെ കത്തിഡ്രൽ ബസിലിക്കയിൽ അനുദിന വിശുദ്ധ കുർബാന ഇല്ലാതെ ആയിട്ട് നാളെ 1000ദിവസം തികയുന്നു. 999ദിവസം പൂർത്തിയായതിന്റെ ഭാഗമായി, ബസിലിക്ക ദേവാലയത്തിൽ വിശുദ്ധ കുർബാന പുനരാരംഭിക്കണമെന്നും, സമവായം നടപ്പിൽ വരുത്തണമെന്നും ആവശ്യപ്പെട്ട് എറണാകുളം അതിരൂപതയിലെ വൈദീകരും, ഇടവക പ്രതിനിധികളും പ്രതിഷേധസംഗമം തീർത്തു.വൈദീക സമിതി സെക്രട്ടറി ഡോ.കുരിയാക്കോസ് മുണ്ടാടൻ, ഫാ.ജോസഫ് പാറേക്കാട്ടിൽ, ഫാ.സെബാസ്റ്റ്യൻ തളിയൻ, അല്മായ മുന്നേറ്റം പ്രസിഡന്റ് ഷൈജു ആന്റണി, ബോബി ജോൺ, തങ്കച്ചൻ പേരയിൽ, റിജു കാഞ്ഞൂക്കാരൻ, പി പി ജെറാർദ്, ബോബി ജോൺ, നിമ്മി ആന്റണി, പോൾ ഡി. പാനികുളം, ഫാ.ജോയി ഐനിയാടാൻ, ഫാ.പോൾ ചിറ്റിനപ്പിള്ളി എന്നിവർ പ്രസംഗിച്ചു. വൈദീകരുടെ അതിരൂപത സംരക്ഷണ സമിതിയും, അല്മായ മുന്നേറ്റവും, ബസിലിക്ക ഇടവകയും പ്രതിഷേധസംഗമത്തിനും, റാലിക്കും നേതൃത്വം നൽകി.2022നവംബർ 27ന്, വിശ്വാസികളുടെ പ്രതിഷേധവും പ്രതിരോധവും ഉണ്ടാകുമെന്ന പോലീസിന്റെയും, ജില്ലാ കളക്ടറുടെയും മുന്നറിയിപ്പ് അവഗണിച്ചു ബസിലിക്കയിൽ അതിക്രമിച്ചു കടന്നു സിനഡ് കുർബാന നടത്താനുള്ള മാർ ആൻഡ്റൂസ് താഴത്തിന്റെ നീക്കത്തെ തുടർന്നാണ് ബസിലിക്കയിൽ വിശുദ്ധ കുർബാന മുടങ്ങിയത്. ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടറുടെ നിർദേശം അനുസരിച്ചു വിശ്വാസികൾ ഇല്ലാതെ ബസിലിക്ക വികാരി മോൺ.ആന്റണി നാരികുളം മാത്രമായി കുറച്ചു ദിവസം കുർബാന അർപ്പിച്ചുവെങ്കിലും 2022ഡിസംബർ 23ന് മാർ ആൻഡ്റൂസ്, നിയമവിരുദ്ധമായി അഡ്മിനിസ്ട്രേറ്റർ പദവിയിൽ നിയോഗിച്ച ഫാ.ആന്റണി പൂതവേലി ബസിലിക്കയിൽ സിനഡ് കുർബാന അർപ്പിക്കാൻ ശ്രമിച്ചതുമായി ഉണ്ടായ സംഘർഷത്തെ തുടർന്ന് അനിശ്ചിതമായി ദേവാലയം അടച്ചു. തുടർന്ന് പലഘട്ടങ്ങളിലും ചർച്ചകൾ നടന്നു, ഇപ്പോൾ എറണാകുളം അതിരൂപതയിൽ മുഴുവൻ സമവായം നിലവിൽ വന്നുവെങ്കിലും കത്തിഡ്രൽ ബസിലിക്കയിൽ നടപ്പിൽ വരുത്താൻ സഭാ നേതൃത്വം തെയ്യാറായിട്ടില്ല. ബസിലിക്ക തുറന്ന് അനുദിന വിശുദ്ധ കുർബാനക്ക് സാഹചര്യം ഒരുക്കുക, സിനഡ് അംഗീകരിച്ച സമവായം ബസിലിക്കയിലും നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധസംഗമം ഒരുക്കുന്നത്. റിജു കാഞ്ഞൂക്കാരൻ വക്താവ് അല്മായ മുന്നേറ്റം എറണാകുളം അതിരൂപത.
ബസിലിക്കയിൽ സമവായം നടപ്പിൽ വരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധസംഗമവും റാലിയും
