കടുത്തുരുത്തി : പൊതു സമൂഹത്തിനും നാടിനും സഹായം നൽകുവാൻ നന്നെ ചെറുപ്പം മുതൽ കാണിച്ച ഉത്സാഹം കാലവും ചരിത്രവുമുള്ള കാലത്തോളം വന്ദനയെ ഈ നാട് ഓർക്കുമെന്ന് സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.അകാലത്തിൽ ജീവൻ നഷ്ടപ്പെട്ട ഏക മകൾ ഡോ. വന്ദനയുടെ ആഗ്രഹങ്ങൾ സഫലി കരിക്കുന്നതിനായി മതാപിതാക്കളായ കെ.ജി. മോഹൻദാസും ടി. വസന്തകുമാരിയും കല്ലറ മധുര വേലി പ്ലാമൂട് ജംഗ്ഷന് സമീപം ആരംഭിച്ച ഡോ. വന്ദന ദാസ് ആശുപത്രി ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. വന്ദന ദാസിൻ്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒരു പുസ്തകമാക്കുകയും അത് എല്ലാവിഭാഗം മെഡിക്കൽ വിദ്യാർത്ഥികൾക്കും പാഠ്യവിഷയമാക്കേണ്ടതാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളം ആരോഗ്യ മേഘലയിൽ കൈവരിച്ച നേട്ടങ്ങളിൽ യുവ ഡോക്ടർമാരുടെ പങ്ക് എടുത്ത് പറയേണ്ടതാണ് എന്ന് അദ്ദേഹം പറഞ്ഞു. ഡോ. വന്ദന ചാരിറ്റബിൾ ട്രസ്റ്റ് സുമനസുകളുടെ സഹായത്താൽ നിർമ്മിക്കാൻ പോകുന്ന ആധുനിക ആശുപത്രിക്ക് സർക്കാർ എല്ലാ സഹായങ്ങളും നൽകുമെന്ന് മന്ത്രി പറഞ്ഞു.ചടങ്ങിൽ അഡ്വ.മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഫാർമസിയുടെ ഉത്ഘാടനം ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എൻ. പ്രിയയും ഡി.ഡി. ആർ.സി. ലാബ് ഐ. എം. എ . ജില്ലാ ചെയർമാൻ ഡോ. ആർ.പി. രൻജിനും നിർവ്വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ. ബി. സ്മിത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോസ് പുത്തൻ കാല, റബ്ബർ ബോർഡ് അംഗം എൻ. ഹരി , ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.വി. സുനിൽ, പ്രോഗ്രാം കോർഡിനേറ്റർ പി.ജി ഷാജിമോൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി.എൻ. മനോഹരൻ, സുകുമാരി ഐഷ , തലയോലപ്പറമ്പ് മെഡിസിറ്റി ആശുപത്രി പ്രസിഡന്റ് അഡ്വ. ഫിറോഷ് മാവുങ്കൽ, മോഹൻ ഡി ബാബു , സുനു ജോർജ് , ഡോ. ലക്ഷ്മി പ്രിയ എന്നിവർ പ്രസംഗിച്ചു.
ഡോ. വന്ദന ദാസ് ഒരു നാടിൻ്റെ വേദന – മന്ത്രി വി.എൻ . വാസവൻ
