കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജൈവസമൃദ്ധി പദ്ധതിയുടെ ഭാഗമായി നടീൽ വസ്തുകളുടെ വിതരണം ഐ.ബി.സതീഷ് എംഎൽഎ നിർവ്വഹിച്ചു. മധുരക്കിഴങ്ങ്, റെഡ് ലേഡി പപ്പായ, ഔഷധ സസ്യ തൈകൾ എന്നിവയാണ് വിതരണം ചെയ്തത്. കാട്ടാക്കട മണ്ഡലത്തെ കാർഷിക സ്വയം പര്യാപ്ത മണ്ഡലമാക്കുന്നതിനായുള്ള പദ്ധതിയുടെ ഭാഗമായി നിരവധിയായ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഭൂവിനിയോഗ വകുപ്പിൻ്റെയും കൃഷി വകുപ്പിൻ്റെയും ഗ്രാമ പഞ്ചായത്തുകളുടെയും സഹായത്തൊടെ ശാസ്ത്രീയമായ പഠനങ്ങൾ നടത്തി പ്രദേശത്തെ മണ്ണിനും ഭൂപ്രകൃതിക്കും അനുയോജ്യമായ വിളകളാണ് കൃഷി ചെയ്യുന്നത്. ഇതിനായി കാർഷിക കലണ്ടർ തയ്യാറാക്കി കർഷക ഗ്രൂപ്പുകളുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ മണ്ഡലത്തിലെ കൃഷി സാധ്യമായ പരമാവധി ഇടങ്ങളിൽ കൃഷി ആരംഭിച്ചിട്ടുണ്ട്. ഓണം ലക്ഷ്യമാക്കി “നമ്മുടെ ഓണം നമ്മുടെ പൂക്കൾ” പദ്ധതി ഇത്തവണ 80 ഏക്കറിലാണ് മണ്ഡലത്തിൽ നടപ്പാക്കുന്നത്. പൂ കൃഷിക്കൊപ്പം പച്ചക്കറി കൃഷിയും മത്സ്യ കൃഷിയും ജൈവസമൃദ്ധി പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയിട്ടുണ്ട്. വിപണസാധ്യതയും വിള ലഭ്യതയും അറിഞ്ഞുള്ള കൃഷി രീതി അവലംബിക്കുന്നത് ലക്ഷ്യമാക്കിയാണ് പപ്പായ, മധുരക്കിഴങ്ങ്, ഔഷധ സസ്യങ്ങൾ എന്നിവയുടെ കൃഷി ആരംഭിക്കുന്നത്. അടുത്ത ഒരു വർഷത്തിനുള്ളിൽ മണ്ഡലത്തിലെ സാധ്യമായ എല്ലാ ഇടങ്ങളിലും വിവിധങ്ങളായ കൃഷി നടപ്പിലാക്കി കാർഷിക സ്വയം പര്യാപ്തത കൈവരിക്കുകയും, കാർഷിക മൂല്യവർദ്ധിത ഉത്പനങ്ങളുടെ കയറ്റുമതി കേന്ദ്രമാക്കി കാട്ടാക്കടയെ മാറ്റുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ജൈവസമൃദ്ധി പദ്ധതി പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നതെന്ന് ഐ.ബി. സതീഷ് എം.എൽ.എ പറഞ്ഞു. കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഭൂവിനിയോഗ വകുപ്പ് കമ്മിഷണർ സ്വാഗതമാശംസിച്ചു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, കൃഷി ഓഫീസർമാർ, കർഷക പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
ജൈവസമൃദ്ധിക്കൊരുങ്ങി കാട്ടാക്കട, നടീൽ വസ്തുകൾ വിതരണം ചെയ്തു
