ഖത്തറിൽ ലൈസൻസില്ലാത്ത തോക്ക് കള്ളക്കടത്ത് സംഘത്തിലെ അഞ്ചുപേർ അറസ്റ്റിൽ

ദോഹ: ഖത്തറിൽ ലൈസൻസില്ലാത്ത തോക്കുകൾ കള്ളക്കടത്ത് നടത്തുന്ന സംഘത്തിലെ അഞ്ചുപേരെ ഖത്തർ ആഭ്യന്തരമന്ത്രാലയം അറസ്റ്റ് ചെയ്തു രണ്ട് സ്വദേശികളും മൂന്ന് വിദേശികളും അടങ്ങുന്ന സംഘത്തെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് അറസ്റ്റ് ചെയ്തത്. ലൈസൻസില്ലാത്ത തോക്കുകൾ കടത്തുന്നതായി വിശ്വസനീയ വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് അഞ്ചുപേരെയും അറസ്റ്റ് ചെയ്തത്. ഇവരുടെ മൊഴിയനുസരിച്ച് രഹസ്യകേന്ദ്രത്തിൽ നടത്തിയ റെയ്‌ഡിൽ നൂറുകണക്കിന് തോക്കുകൾ കണ്ടെത്തി. ഇവ പിടിച്ചെടുത്ത് നിയമ നടപടിക്രമങ്ങൾക്കായി കണ്ടുകെട്ടി. അഞ്ചുപേരെയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. കടത്തിനുപിന്നിൽ പ്രവർത്തിച്ചതായി സംശയിക്കപ്പെടുന്നവരെ കണ്ടെത്താനായി വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ഇവരിൽ നിന്നും റൈഫിളുകൾ അടക്കം നൂറുകണക്കിന് അനധികൃത തോക്കുകൾ കണ്ടെടുത്തു. വ്യാഴാഴ്ച അബു സംറ അതിർത്തിയിൽ 300 മെഷീൻഗൺ വെടിയുണ്ടകൾ പിടികൂടിയതിനുപിന്നാലെയാണ് തോക്കുകളുമായി അഞ്ചുപേരെ അറസ്റ്റ് ചെയ്തത്.ലൈസൻസില്ലാത്ത തോക്കുകൾ കൈവശം വയ്ക്കുകയോ വ്യാപാരം നടത്തുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *