പുരസ്‌കാര പ്രശസ്തിയിൽ പൊയ്യ രവി

Kerala

ശ്രീധരൻ കടലായിൽ

പൊയ്യയിൽ നിന്ന് പ്രാരംഭം കുറിച്ച് പ്രധാന താള പ്രമാണിമാരിലൊരാളായി മാറിയ പൊയ്യ രവി അംഗീകാരത്തിന്റെ നിറവിൽ. ഉപാസനയ്ക്കും അർഹതക്കും ഉള്ള അംഗീകാരമാണ്‌ ഇലത്താള വിദഗ്ദ്ധൻ പൊയ്യ രവിക്ക് ലഭിക്കുന്ന,കുഴൂർ നാരായണമാരാർ ഫൗണ്ടേഷന്റെ ഗുരുശ്രേഷ്ഠ പുരസ്കാരം. ആറുപതിറ്റാണ്ടായി വാദ്യകലാ രംഗത്തെ നിറ സാന്നിധ്യമായ പൊയ്യ രവി ഈ മേഖലയിലെ ആൾ റൗണ്ടർ ആണ്.

ഇലത്താളത്തിലെ കുലപതി എന്നാണ് അറിയപ്പെടുന്നതെങ്കിലും ഇടക്കയിലും ചെണ്ടയിലും വീക്കൻ ചെണ്ടയിലും തിമിലയിലും ഒക്കെ കഴിവ് തെളിയിച്ചിട്ടുണ്ട്, പേരിനൊപ്പം ജന്മനാടിന്റെ പേര് കൂടി പ്രശസ്തിയിലെത്തിച്ച ഈ കലാകാരൻ. അന്നമനട- കുഴൂർ ത്രയങ്ങൾ, പല്ലാവൂർ ബ്രദേർസ്, ചോറ്റാനിക്കര സഹോദരന്മാർ തുടങ്ങിയവരുടെ യൊക്കെ കൂടെ പഞ്ച വാദ്യത്തിൽ പങ്കാളിയായിട്ടുണ്ട്. കുറുപ്പത്ത്‌ ഈശ്വര മാരാർ, പെരുവനം അപ്പു മാരാർ, ചക്കം കുളം അപ്പു മാരാർ തുടങ്ങി പെരുവനം കുട്ടൻ മാരാർ വരെയുള്ളവരുടെ കൂടെ മേളത്തിലും തായമ്പകയിലും പങ്കെടുത്തു.തൃശൂർ പൂരം (22വർഷം), ആറ്റുകാൽ, ഉത്രാളികാവ് തൃപ്പുണിത്തുറ, തുടങ്ങി ഒട്ടനവധി ക്ഷേത്രങ്ങളിൽ കഴിഞ്ഞ അമ്പത്തേഴ് വർഷമായി ഇദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ട്.

മുടിയേറ്റിന്റെ എല്ലാ മേഖല കളിലും നൈപുണ്യം നേടിയിട്ടുള്ള മാരാർ താളക്കാരനായും വേഷ ക്കാരനായും അരങ്ങേറാറുണ്ട് .കളമെഴുത്തും പാട്ടും പതിവുണ്ട്.കുഴൽ പറ്റ്,കൊമ്പ് പറ്റ് എന്നിവയിലും ക്ഷേത്ര അടിയന്തിര കാര്യങ്ങളിലും മുൻപന്തിയിൽ തന്നെ.ഇനി സോപാന സംഗീത മാണെങ്കിലോ -അതും വഴങ്ങും!
കാട്ടൂപിഷാരത്ത്‌ രാമപിഷാരടിയുടേയും നാരായണി മാ രാസ്യാരുടേയും മകനായി 1949 പൊയ്യയിൽ ആണ് ജനനം.17 വയസ്സിൽ ഇടക്കയിൽ തുടക്കം .പുത്തൻവേലിക്കര പൽ‍മനാഭമാരാർ, മുടിയേറ്റ് കുലപതി വരണാട്ട് മാധവകുറുപ്പ് പൽ‍മഭൂഷൻ കുഴൂർ നാരായണമാരാർ എന്നിവരാണ് ഗുരുക്കന്മാർ
55555 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് ആഗസ്ത് 12 ന് സമ്മാനിക്കുമെന്ന് ഫൌണ്ടേഷൻ ചെയർമാൻ കാളത്തി മേക്കാട്ട് പരമേശ്വരൻ നമ്പൂതിരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *