സര്‍വീസിംഗിനിടെ ഡാറ്റ സുരക്ഷ ഉറപ്പാക്കി സാംസങ്;’മെന്റനന്‍സ് മോഡ്’ ഫീച്ചര്‍ ഉള്‍പ്പെടുത്തി

കൊച്ചി: ഗാലക്‌സി സ്മാര്‍ട്ട്‌ഫോണുകള്‍ സര്‍വീസിംഗിന് നല്‍കുമ്പോള്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന മെയിന്റനന്‍സ് മോഡ് ഫീച്ചര്‍ പുറത്തിറത്തി സാംസങ് ഇന്ത്യ. ഉപഭോക്തൃ ഡാറ്റ സംരക്ഷണം മുന്‍നിര്‍ത്തിയുള്ള ഈ സംവിധാനത്തിലൂടെ ഫോണ്‍ നന്നാക്കാന്‍ കൈമാറുമ്പോഴും വ്യക്തിഗത വിവരങ്ങള്‍ പൂര്‍ണമായും ലോക്ക് ചെയ്ത നിലയില്‍ തുടരുമെന്ന് കമ്പനി വ്യക്തമാക്കി. സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ന് സാമ്പത്തികവും വ്യക്തിപരവുമായ നിര്‍ണായക വിവരങ്ങളുടെ കേന്ദ്രമായി മാറിയ സാഹചര്യത്തില്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണവും സുതാര്യതയും നല്‍കുന്നതാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം.മെയിന്റനന്‍ മോഡ് ഫീച്ചര്‍ സജീവമാക്കിയാല്‍ ഫോണില്‍ പ്രത്യേകമായ ഒരു സുരക്ഷിത ഓപ്പറേറ്റിങ് പരിസരം സൃഷ്ടിക്കപ്പെടും. ടെക്നീഷ്യന്‍മാര്‍ക്ക് പരിശോധനയും ഡയഗ്‌നോസ്റ്റിക്‌സും നടത്താന്‍ സാധിക്കുമെങ്കിലും ഉപയോക്താവിന്റെ ഫോട്ടോകള്‍, സന്ദേശങ്ങള്‍, കോണ്‍ടാക്ടുകള്‍, ആപ്പുകള്‍ തുടങ്ങിയ സ്വകാര്യ ഡാറ്റ ലഭ്യമാകില്ല. ഉപയോക്താവ് സ്വന്തം ഓതന്റിക്കേഷന്‍ ഉപയോഗിച്ച് മോഡ് ഓഫ് ചെയ്താല്‍ മുന്‍പത്തെ ഡാറ്റയും സെറ്റിംഗ്‌സും മാറ്റമില്ലാതെ തിരിച്ചെത്തും.ഇതിലൂടെ വ്യക്തിഗത ഫയലുകളും ആപ്പുകളും പൂര്‍ണമായും മറഞ്ഞ നിലയിലാകും, ഡാറ്റ ആക്സസ് ചെയ്യാതെ ടെക്നീഷ്യന്‍ പരിശോധന നടത്താം, മോഡ് അവസാനിപ്പിക്കുമ്പോള്‍ പഴയ നിലയില്‍ ഫോണ്‍ തിരിച്ചെത്തും എന്നതാണ് പ്രത്യേകത. മെയിന്റനന്‍സ് മോഡ് പ്രവര്‍ത്തനത്തില്‍ ഉള്ളപ്പോള്‍ മുന്‍കൂര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പുകള്‍ മാത്രമേ ലഭ്യമാകൂ; ആ സമയത്ത് സൃഷ്ടിക്കുന്ന ഡാറ്റ പിന്നീട് സ്വയം ഇല്ലാതാകും. രാജ്യത്തെ സര്‍വീസ് സെന്ററുകളില്‍ ഉപഭോക്താക്കള്‍ക്ക് ഫീച്ചര്‍ ഉപയോഗിക്കുന്ന വിധം പഠിപ്പിക്കുന്നതിനായി ഇന്‍-സ്റ്റോര്‍ ഗൈഡുകളും വിദഗ്ധ സഹായവും സാംസങ് ഒരുക്കിയിട്ടുണ്ട്.മോഡ് ആക്ടീവ് ചെയ്യാന്‍ സെറ്റിങ്‌സിലെ ബാറ്ററി ആന്‍ഡ് ഡിവൈസ് കെയര്‍ എന്ന ഓപ്ഷനില്‍ മെയിന്റനന്‍സ് മോഡ് ടാപ്പ് ചെയ്യുക. തുടര്‍ന്ന് ഫോണ്‍ റീ സ്റ്റാര്‍ട്ട് ചെയ്യുന്നതോടെ മോഡ് ആക്ടീവ് ആകുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *