തശൂര്‍: തൃശൂര്‍ നഗരത്തിനടുത്ത് പെരിങ്ങാവ് ഗാന്ധിനഗറില്‍ ഓട്ടോറിക്ഷ കത്തി നശിച്ചു. ഓട്ടോ ഡ്രൈവര്‍ വെന്തുമരിച്ചു.പെരിങ്ങാവ് മേലുവളപ്പില്‍ പരേതനായ രാമകൃഷ്ണന്റെ മകന്‍ പ്രമോദ് (47) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. ഗാന്ധിനഗര്‍ അരിവാള്‍തോട് പാലത്തിനടുത്ത് റോഡരുകില്‍ നിര്‍ത്തിയിട്ട നിലയിലായിരുന്നു ഓട്ടോറിക്ഷ. രാവിലെ ജോലിക്കായി വീട്ടില്‍നിന്നും ഇറങ്ങിയതാണ് ഓട്ടോ ഡ്രൈവറായ പ്രമോദ്. ചേറൂര്‍ റോഡിലെ ഓട്ടോ സ്റ്റാന്‍ഡിലാണ് ഓട്ടോ പാര്‍ക്ക് ചെയ്യാറ്. രാവിലെ സ്റ്റാന്‍ഡിലെത്തി കുറച്ചുകഴിഞ്ഞ് സഹപ്രവര്‍ത്തകരോട് ഒന്നുംമിണ്ടാതെ സ്ഥലംവിടുകയായിരുന്നു.
പിന്നീട് ഗാന്ധിനഗറില്‍ തിരക്ക് കുറഞ്ഞ സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോ കത്തുന്നതുകണ്ടാണ് നാട്ടുകാര്‍ സമീപത്തെത്തുന്നത്. ഗ്യാസില്‍ ഓടിക്കുന്ന വാഹനമായതുകൊണ്ട് നാട്ടുക്കാര്‍ സമീപത്തേക്ക് ചെല്ലാന്‍ ഭയന്നു. തൃശൂരില്‍നിന്നുമെത്തിയ അഗ്‌നിശമന വിഭാഗം എത്തി തീയണച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഓട്ടോയ്ക്കു പിറകിലായിരുന്നു മൃതദേഹം. സി.എന്‍.ജി. ഇന്ധനത്തില്‍ ഓടുന്ന ഓട്ടോറിക്ഷയില്‍നിന്ന് വലിയ രീതിയില്‍ തീ ഉയരുകയായിരുന്നു. ആത്മഹത്യയാണെന്നാണ് സംശയമെന്ന് വിയ്യൂര്‍ പോലീസ് പറഞ്ഞു.
പെട്രോളുമായി ഇയാള്‍ ഓട്ടോയ്ക്കരികില്‍ നില്‍ക്കുന്നതായി നാട്ടുകാര്‍ പറഞ്ഞതാണ് ആത്മഹത്യയാണെന്ന സംശയത്തിന് കാരണം. ഓട്ടോ വാങ്ങിയിട്ട് മാസങ്ങളായിട്ടേയുള്ളൂ. ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തി. വിയ്യൂര്‍ പോലീസ് അന്വേഷിച്ചുവരുന്നു. ഭാര്യ: ആശ. മക്കള്‍: വിദ്യാര്‍ഥികളായ അഭിനവ്, അഭിനന്ദ്. അമ്മ: ജാനകി. പോസറ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കാരം ലാലൂര്‍ പൊതുശ്മശാനത്തില്‍.