ന്യൂഡല്‍ഹി: ലോക്സഭാംഗത്വം റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ലോക്സഭാ സെക്രട്ടറിയേറ്റിന്റെ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി എന്‍ ഭട്ടി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
ചോദ്യത്തിന് കോഴ ആരോപണത്തെ തുടര്‍ന്നാണ് ലോക്സഭാ എത്തിക്സ് കമ്മിറ്റി മഹുവ മൊയ്ത്രയ്ക്ക് എതിരെ നടപടി ശുപാര്‍ശ നല്‍കിയത്. റിപ്പോര്‍ട്ട് പരിഗണിച്ച ലോക്സഭ ശബ്ദ വോട്ടോടെ പുറത്താക്കല്‍ പ്രമേയത്തിന് അനുമതി നല്‍കുകയായിരുന്നു. പ്രമേയത്തിന് അനുസൃതമായാണ് മഹുവ മൊയ്ത്രയെ സഭയില്‍ നിന്ന് ലോക്സഭാ സെക്രട്ടറിയേറ്റ് പുറത്താക്കിയത്.