മാഹിയില്‍ നിന്ന് ബസില്‍ കടത്തുകയായിരുന്ന മുപ്പത് ലിറ്റര്‍ വിദേശ മദ്യവുമായി മലപ്പുറം സ്വദേശി പിടിയില്‍

Kerala

കോഴിക്കോട്: മാഹിയില്‍ നിന്ന് ബസില്‍ കടത്തുകയായിരുന്ന മുപ്പത് ലിറ്റര്‍ വിദേശ മദ്യം വടകര എക്സൈസ് പിടികൂടി. സംഭവത്തില്‍ മലപ്പുറം പാണ്ടിക്കാട് ആമ പാറക്കല്‍ ശരത് ലാലിനെ എക്സൈസ് അറസ്റ്റ് ചെയ്തു.പയ്യൂന്നൂരില്‍ നിന്നും കോഴിക്കോട് പോവുകയായിരുന്ന ബസില്‍ നിന്നാണ് മദ്യം കണ്ടെത്തിയത്.

വടകര എക്സൈസ് റെയിഞ്ച് ക്രിസ്മസ് ന്യൂ ഇയര്‍ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് ഇന്റലിജൻസ് ബ്യുറോ പ്രിവന്റീവ് ഓഫീസര്‍ പ്രമോദ് പുളിക്കൂല്‍ നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വാഹന പരിശേന. വടകര എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ സുനില്‍ കെ യുടെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ സോമസുന്ദരൻ കെ എം, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അനിരുദ്ധ് പി കെ, വിനീത് എം പി, സിനീഷ് കെ, അരുണ്‍ എം, ഡ്രൈവര്‍ രാജൻ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

കണ്ണൂര്‍ കൂത്തുപറമ്ബില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ ഫരീദാബാദില്‍നിന്ന് വിമാനത്തില്‍ കൊറിയറായി അയച്ച 400 കിലോഗ്രാമിലേറെ വരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. കൂത്തുപറമ്ബ് സര്‍ക്കിള്‍ എക്സൈസും കണ്ണൂര്‍ എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും ചേന്നാണ് ഇത്രയും വലിയ അളവില്‍ പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്.

പുകയില ഉല്‍പന്നങ്ങള്‍ കടത്തിയതുമായി ബന്ധപ്പെട്ട് ഇല്ലിക്കുന്ന് സ്വദേശി യാസിൻ വീട്ടില്‍ ടി.കെ റഷ്ബാൻ, കണ്ണൂര്‍ വലിയന്നൂരിലെ സ്ഫാൻ മൻസിലില്‍ മുഹമ്മദ്‌ സഫ്‌വാൻ എന്നിവരെ എക്സൈസ് പിടികൂടി. ഇല്ലിക്കുന്ന് ചിറമ്മല്‍ റോഡിലെ ബദരിയ മസ്ജിദിന് സമീപം യാസിൻ എന്ന വാടക വീട്ടില്‍ നിന്നാണ് പുകയില ഉല്പന്നങ്ങള്‍ പിടികൂടിയത്. പിടികൂടിയ പുകയില ഉല്‍പന്നങ്ങള്‍ക്ക് വിപണിയില്‍ ഏഴ് ലക്ഷം രൂപ വരുമെന്നാണ് എക്സൈസ് പറയുന്നത്.

കൂത്തുപറമ്ബ് പ്രിവന്റീവ് ഓഫീസര്‍ സുകേഷ് വണ്ടിച്ചാലിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു വാടക വീട്ടില്‍ എക്സൈസ് റെയ്ഡ് നടത്തിയത്. കൂത്തുപറമ്ബ് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ എ.കെ വിജേഷിന്റെ നേതൃത്തിലുള്ള പാര്‍ട്ടിയും കണ്ണൂര്‍ ഇന്റലിജൻസ് ബ്യൂറോ ഇൻസ്പെക്ടര്‍ കെ.പി. പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് പരിശോധന നടത്തിയത്. ചെറുപ്പക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി വില്‍ക്കാനായാണ് ഇത്രയും ഉയര്‍ന്ന അളവിലുള്ള പുകയില ഉല്‍പന്നങ്ങള്‍ കൊണ്ടുവന്നതെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *