ആലുവ നന്മ സാരഥിയുടെ ഒന്നാം വാർഷികാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു

Local News

ആലുവ: എഫ്. സി. സി. തിരുഹൃദയ പ്രൊവിൻസിന്റെ നേതൃത്വത്തിൽ ആലുവ കെ. എസ്.ആർ. ടി. സി. ബസ്റ്റാൻഡിലുള്ള ഓട്ടോ തൊഴിലാളികളെ ചേർത്ത് രൂപംകൊടുത്ത നന്മ സാരഥിയുടെ ഒന്നാം വാർഷികാഘോഷവും കുടുംബസംഗമവും വിവിധ പരിപാടികളോടെ ആലുവ നസ്രത്ത് എൽ. പി. സ്കൂളിൽ വച്ച് ആഘോഷിച്ചു.
സാരഥി ഒരു ഹെൽപ്പ് ലൈൻ ആണ്. ത്യാഗോജ്വലവും സഹാനുഭൂതിയും സേവനമനോഭാവവും ഉള്ള ഓട്ടോ ടാക്സി ഡ്രൈവേഴ്സിന്റെ ഒരു സംരംഭം. ഡ്രൈവർമാരുടെ സേവന ശൃംഖല വിപുലമാക്കുക, ക്ഷേമ പദ്ധതികൾ, കുടുംബ സഹായ പദ്ധതികൾ തുടങ്ങിയവ ആവിഷ്‌കരിക്കുക, അപകടത്തിൽ സഹായസംവിധാനങ്ങൾ ലഭ്യമാക്കുക മുതലായ ലക്ഷ്യങ്ങളാണ് സാരഥിക്കുള്ളത്. 2022 നവംബർ മാസം ഇരുപത്തി എട്ടാം തീയതി ആലുവ കെഎസ്ആർടിസി ബസ്റ്റാൻഡിലെ 24 ഓട്ടോ ഡ്രൈവേഴ്സ് ഒന്നിച്ചുകൂടി നന്മ സാരഥിക്ക് രൂപം നൽകി. വാർഷികാഘോഷങ്ങളിൽ നന്മ സാരഥി അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ 75 ഓളം പേർ പങ്കെടുത്തു. രോഗികൾക്ക് ചികിത്സാസഹായം, കുട്ടികൾക്ക് പഠനസഹായം എന്നിവ നൽകാൻ കഴിഞ്ഞത് സാരഥിയുടെ നേട്ടമായി ചൂണ്ടിക്കാട്ടി. നന്മ സാരഥിയുടെ പ്രസിഡന്റ് വി. റെജി സമ്മേളനത്തിന് അധ്യക്ഷം വഹിച്ചു. സാരഥിയുടെ സംസ്ഥാന ഡയറക്ടർ റവ. ഫാ. ടോം മഠത്തിക്കണ്ടത്തിൽ എം. എസ്. ജെ. പരിപാടികൾ ഉത്ഘാടനം ചെയ്തു. നന്മ ചെയ്യാനുള്ള കൂട്ടായ പരിശ്രമങ്ങളെ അദ്ദേഹം സ്ലാഘിച്ചു. ജനോപകാരപ്രദമായ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകാൻ അച്ചൻ ആഹ്വാനം ചെയ്തു. എഫ്. സി. സി. സേക്രഡ് ഹാർട്ട്‌ പ്രൊവിൻസിന്റെ അസി. പ്രൊവിൻഷ്യൽ സി. സജിത അനുഗ്രഹപ്രഭാഷണം നടത്തി. ദേശീയ തലത്തിൽ വടം വലി, തായ്ക്കൊണ്ട എന്നീ മത്സര ഇനങ്ങളിൽ വിജയിയായ സാരഥി അംഗം ബിജോയിയുടെ മകൾ അഞ്ജലിക്ക് ക്യാഷ് അവാർഡും മെമെന്റൊയും നൽകി അനുമോദിച്ചു. സേവനരംഗത്ത് 25 വർഷം പുർത്തിയാക്കിയ ഒ. പി. ജോയ്, രാജു തോമസ് എന്നീ ഓട്ടോ തൊഴിലാളികളെ ആദരിച്ചു. റവ. ഫാ. സെബാസ്റ്റ്യൻ തേക്കാനത്ത്, സി. ഡോ. ടെമി ടോം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നന്മ സാരഥി സെക്രട്ടറി സന്തോഷ്‌ കുമാർ വാർഷീക റിപ്പോർട്ടും ട്രഷറർ കലാധരൻ നായർ കണക്കും അവതരിപ്പിച്ചു. നാളിതുവരെ ഓരോരുത്തരും സ്വരൂപിച്ച ചെറിയ തുക ബാങ്കിൽ നിക്ഷേപിച്ചത് രണ്ടു ലക്ഷം രൂപയിൽ കൂടുതൽ സമ്പാദ്യമായ വിവരം സാരഥി അംഗങ്ങളെ അറിയിച്ചു. സാരഥി ആനിമേറ്റർ സി. ഷേഫി ഡേവിസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി രാജു തോമസ് നന്ദിയും പറഞ്ഞു.

സ്വന്തം ആവശ്യങ്ങളെക്കാൾ ഉപരി മറ്റുള്ളവരുടെ വിഷമങ്ങൾ മനസ്സിലാക്കാൻ, അവരെ സഹായിക്കാൻ, ലോകത്തിന്റെ നന്മയും എന്റെ ഉത്തരവാദിത്വത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയാൻ നന്മ സാരഥിയിലൂടെ സാധിച്ചു എന്ന് സാരഥി അംഗങ്ങൾ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒരു വർഷമായി നന്മ സാരഥി അംഗങ്ങൾ സ്നേഹത്തോടും ഐക്യത്തോടും കൂട്ടായ്മയോടും കൂടി മുന്നേറുന്നു. ഞങ്ങൾ തൊഴിലാളികൾക്കിടയിലും നല്ലൊരു ബന്ധം സൃഷ്ടിക്കാൻ നന്മ സാരഥിയിലെ അംഗത്വം ഇടയാക്കിയിരിക്കുന്നു എന്നും അവർ പങ്കുവച്ചു. മീറ്റിംഗിനു ശേഷം വിവിധ കായിക മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *