മലപ്പുറം: ദേശീയ പക്ഷിനിരീക്ഷണ ദിനാചരണത്തിന്റെ ഭാഗമായി പൂക്കിപറമ്പ് വാളക്കുളം ഹൈസ്കൂളിലെ വിദ്യാർത്ഥികൾ പക്ഷിനിരീക്ഷണ യാത്ര നടത്തി. സ്കൂളിലെ ദേശീയ ഹരിതസേനയും ഫോറസ്റ്ററി ക്ലബ്ബും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
പറപ്പൂരിലെ ഇരിങ്ങല്ലൂർ പ്രദേശത്തേക്കായിരുന്നു യാത്ര. ചിറകുള്ള ചങ്ങാതിമാരെ തേടി ഇറങ്ങിയ വിദ്യാർത്ഥികൾക്ക് വിവിധ ഇനങ്ങളിലുള്ള പക്ഷികളെ നേരിൽ കാണാനും അവയുടെ സ്വഭാവം അടുത്തറിയാനും അവസരം ലഭിച്ചു.
കാട്ടുകോഴി, പനങ്കൂളാൻ, പറമ്പിത്തെയ്യൻ, ഇരട്ടത്തലച്ചി, ആനറാഞ്ചി, മണ്ണാത്തിപ്പുള്ള് എന്നിവയുൾപ്പെടെ ഇരുപതിലധികം പക്ഷിവർഗങ്ങളെ വിദ്യാർത്ഥികൾ നിരീക്ഷിച്ചു. പ്രകൃതിയോട് അടുപ്പം വളർത്തുന്ന സമ്പന്നമായ അനുഭവമായി ഈ യാത്ര മാറി. കർഷകൻ സൈതലവി ഹാജി ഓലപ്പുലാൻ മുഖ്യാതിഥിയായി. അധ്യാപകരായ കെ പി ഷാനിയാസ്, വി ഇസ്ഹാഖ്, വി ഫാസിൽ, എം പി റജില എന്നിവർ നേതൃത്വം നൽകി.


