പള്ളിക്കുന്ന് പള്ളിയുടെ വികസനത്തിന്99.92 ലക്ഷം രൂപ ഭരണാനുമതി നൽകി ടൂറിസം വകുപ്പ്

പീരുമേട്: പള്ളിക്കുന്ന് സെന്റ് ജോർജ് സി.എസ്.ഐ. പള്ളിയുടെ വികസനത്തിനും സൗന്ദര്യവത്കരണത്തിനുമായി ടൂറിസം വകുപ്പ് 99,92,380 രൂപയുടെ ഭരണാനുമതി നൽകി. ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പള്ളിക്കുന്ന് പള്ളി സന്ദര്‍ശിച്ചതിനു ശേഷം നല്‍കിയ നിര്‍ദ്ദേശമനുസരിച്ച് സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി ടൂറിസം വകുപ്പ് തയ്യാറാക്കിയ വിശദമായ പ്രോജക്ട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.ചർച്ച് മിഷനറി സൊസൈറ്റിയാണ് (സിഎംഎസ്) 1869-ൽ റവ. ഹെൻറി ബേക്കർ ജൂനിയറിന്റെ നേതൃത്വത്തിൽ പള്ളി സ്ഥാപിച്ചത്. ഇടുക്കി പ്രദേശത്തെ കോളനിവത്കരണത്തിന്റെയും ആദ്യകാല തോട്ടം മേഖലയുടെയും ചരിത്രം വിളിച്ചോതുന്ന പ്രധാന ചരിത്ര സ്മാരകമായി ഈ പള്ളി നിലകൊള്ളുന്നു. ബ്രിട്ടീഷ് വാസ്തുവിദ്യയും കുതിരയുടെ കല്ലറ ഉൾപ്പെടെയുള്ള ബ്രിട്ടീഷ് സെമിത്തേരിയുടെ സാന്നിധ്യവും ഈ സ്ഥലത്തെ ശ്രദ്ധേയമാക്കി.അറിയപ്പെടാത്ത ടൂറിസം ആകര്‍ഷണങ്ങളുടെ സൗന്ദര്യവത്കരണം, അടിസ്ഥാനസൗകര്യവികസനം എന്നിവ ടൂറിസം വകുപ്പിന്റെ പ്രഥമപരിഗണനയിലുള്ള വിഷയമാണെന്ന് പറഞ്ഞു. സഞ്ചാരികളുടെ പറുദീസയായ ഇടുക്കി ജില്ലയില്‍ അത്യാധുനിക നിലവാരത്തിലുള്ള രണ്ട് ഇക്കോലോഡ്ജുകളടക്കം അടക്കം നിരവധി പദ്ധതികളാണ് കേരള ടൂറിസം നടപ്പാക്കിയിട്ടുള്ളത്. പള്ളിക്കുന്ന് പള്ളിപോലെ കാഴ്ചയ്ക്കൊപ്പം ചരിത്രവും പൈതൃകവും വിളിച്ചോതുന്ന സ്ഥലങ്ങള്‍ ടൂറിസത്തിന് മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു.പ്രവേശന കവാടം, ലഘുഭക്ഷണശാല, ടോയ്‌ലെറ്റ് ബ്ലോക്ക്, നടപ്പാത, ലാൻഡ്സ്കേപ്പിംഗ്, ഇരിപ്പിടങ്ങൾ, വൈദ്യുത വിളക്കുകൾ, മാലിന്യ സംഭരണികൾ, കുട്ടികള്‍ക്കുള്ള വിനോദഉപകരണങ്ങൾ, പാർക്കിംഗ് ഏരിയ, സി.സി.ടി.വി. സംവിധാനം എന്നിവയാണ് ഈ പദ്ധതിയില്‍ ഉൾപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *