മുംബൈ: മുംബൈയില്‍ ദുരഭിമാന കൊല. പ്രണയ വിവാഹിതരായ ദമ്പതികളെ യുവതിയുടെ പിതാവും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി. ഗുല്‍നാസ് ഖാന്‍, ഭര്‍ത്താവ് കരണ്‍ രമേഷ് ചന്ദ്ര എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേര്‍ ഉള്‍പ്പെടെ ആറു പേരെ അറസ്റ്റ് ചെയ്തു. ഹിന്ദു യുവാവിനെ വിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തിലാണ് യുവതിയുടെ പിതാവ് ഗോരാ ഖാനും മകനും കൂട്ടാളികളും ചേര്‍ന്ന് ഇരുവരേയും കൊലപ്പെടുത്തിയത്.
യു.പിയില്‍ വച്ചാണ് കരണും ഗുല്‍നാസും വിവാഹിതരായത്. പിന്നീട് ഇവര്‍ മുംബൈയിലെത്തി. മുംബൈയിലെ പുതിയ വീട് കാണിക്കാനെന്ന വ്യാജേന കരണ്‍ രമേഷിനെ വിളിച്ചുവരുത്തിയ യുവതിയുടെ പിതാവ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചു കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കിണറ്റില്‍ തള്ളുകയായിരുന്നു.
ഇതിനുശേഷം മകള്‍ ഗുല്‍നാസിനെയും കൊന്ന് മൃതദേഹം നവി മുംബൈയില്‍ ഉപേക്ഷിച്ചു. കഴിഞ്ഞ ശനിയാഴ്ച യുവാവിന്റെ മൃതദേഹം സബര്‍ബന്‍ ഗോവണ്ടിയില്‍ നിന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പിടികൂടുകയായിരുന്നു.