കിടങ്ങൂര്‍ റോഡ് നവീകരണത്തിന് 75 ലക്ഷം രൂപയുടെ വികസന പദ്ധതി നടപ്പാക്കാന്‍ അനുമതി നല്‍കി; അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ.

Local News

പാലാ: ജനകീയാവശ്യം കണക്കിലെടുത്ത് എം.എല്‍.എ. ഫണ്ട് അനുവദിച്ച് നവീകരിക്കുന്ന കിടങ്ങൂര്‍ – പിറയാര്‍ – കൂടല്ലൂര്‍ – കടപ്ലാമറ്റം റോഡിന്റെ റീടാറിംഗ് ജോലികള്‍ അടിയന്തിരമായി നടപ്പാക്കുന്നതിന് സത്വരനടപടി സ്വീകരിച്ചതായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു. കിടങ്ങൂര്‍ റോഡ് നവീകരണത്തിന് 75 ലക്ഷം രൂപയുടെ വികസനപദ്ധതി നടപ്പാക്കാന്‍ അനുമതി നല്‍കിയതായി മോന്‍സ് ജോസഫ് വ്യക്തമാക്കി. കിടങ്ങൂരില്‍ നിന്ന് റോഡ് റീടാറിംഗ് ജോലികള്‍ ഉടനെ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം അധികൃതര്‍ അറിയിച്ചു. പ്രവര്‍ത്തി നടപ്പാക്കാനുള്ള എഗ്രിമെന്റ് ഡിപ്പാര്‍ട്ടുമെന്റുമായി വച്ചിട്ടുണ്ട്.

പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പ്രധാനപ്പെട്ട റോഡാണെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷമായി റോഡ് വികസനത്തിനും അറ്റകുറ്റപ്പണികള്‍ നടപ്പാക്കുന്നതിനും ആവശ്യപ്പെട്ട ഫണ്ട് സര്‍ക്കാരില്‍ നിന്ന് ലഭിക്കാതെ വന്നതിനെ തുടര്‍ന്നാണ് കിടങ്ങൂര്‍ – പിറയാര്‍ – കൂടല്ലൂര്‍ – കടപ്ലാമറ്റം റോഡ് സഞ്ചരിക്കാന്‍ കഴിയാത്ത വിധത്തില്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി തകര്‍ന്നുകിടക്കുന്ന സ്ഥിതിയുണ്ടായത്. ഈയൊരു ദുരവസ്ഥ പരിഹരിക്കുന്നതിനും ഉന്നത നിലവാരത്തില്‍ റോഡ് നവീകരിക്കുന്നതിനും 5 കോടി രൂപയുടെ ബി.എം. ആന്‍ഡ് ബി.സി. ബഡ്ജറ്റ് പ്രൊപ്പോസല്‍ കഴിഞ്ഞ 5 വര്‍ഷമായി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ല. യാത്ര ചെയ്യാന്‍ കഴിയാതെ റോഡ് തകരുകയും സര്‍ക്കാര്‍ സമയത്ത് ഫണ്ട് അനുവദിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജനകീയാവശ്യം കണക്കിലെടുത്ത് 60 ലക്ഷം രൂപ എം.എല്‍.എ. ഫണ്ടില്‍ നിന്ന് അനുവദിച്ച് റോഡിന്റെ റീടാറിംഗ് നടത്താന്‍ തീരുമാനിച്ചത്. ഇതുപ്രകാരമുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി 4 പ്രാവശ്യം പ്രവര്‍ത്തി ടെണ്ടര്‍ ചെയ്തെങ്കിലും ആരും റോഡ് പദ്ധതി ഏറ്റെടുക്കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് കോട്ടയം ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിലും അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. യുടെ അദ്ധ്യക്ഷതയിലും കോട്ടയം കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍വച്ച് എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിനും പുതുക്കിയ പ്രോജക്ട് ടെണ്ടര്‍ ചെയ്ത് നടപ്പാക്കാനും തീരുമാനിച്ചു. ഇതുപ്രകാരം കിടങ്ങൂര്‍ മുതല്‍ ആദ്യ 3.200 കിലോമീറ്റര്‍ ദൂരം എം.എല്‍.എ. ഫണ്ട് വിനിയോഗിച്ച് റോഡ് റീടാറിംഗ് നടത്തുന്നതാണ്. തുടര്‍ന്നുവരുന്ന ഒരുകിലോമീറ്റര്‍ ദൂരം റീടാറിംഗ് നടത്താനാവാശ്യമായ 15 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പില്‍ നിന്ന് കണ്ടെത്തിയതായി മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു. ഇത് രണ്ടും ചേര്‍ത്ത് 75 ലക്ഷം രൂപയുടെ റോഡ് വികസന പദ്ധതി കിടങ്ങൂര്‍ – പിറയാര്‍ – കൂടല്ലൂര്‍ – കടപ്ലാമറ്റം റോഡില്‍ നടപ്പാക്കുന്നതിനാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് എം.എല്‍.എ. വ്യക്തമാക്കി.

കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിന്റെ കീഴിലായിരുന്ന പിറയാര്‍ – കൂടല്ലൂര്‍ – കടപ്ലാമറ്റം റോഡിന്റെ പ്രാധാന്യം കണക്കിലെടുത്ത് പൊതുമരാമത്ത് വകുപ്പിലേക്ക് ആദ്യമായി റോഡ് ഏറ്റെടുത്തത് 2000-ാമാണ്ടില്‍ എം.എല്‍.എ ആയിരുന്ന മോന്‍സ് ജോസഫിന്റെ ആവശ്യപ്രകാരം അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.ജെ. ജോസഫ് സര്‍ക്കാര്‍ ഉത്തരവിറക്കിയതിലൂടെയാണ്. Gazette Notification Number 2708/D2/Dated 07/04/2000 എന്ന ഉത്തരവ് പ്രകാരമാണ് പൊതുമരാമത്ത് വകുപ്പിലേക്ക് റോഡ് ഏറ്റെടുത്തത്. പൊട്ടിപ്പൊളിഞ്ഞ് കിടന്നിരുന്ന റോഡ് 2000 – 2001 കാലഘട്ടത്തില്‍ പൊതുമരാമത്ത് മുഖാന്തിരം എം.എല്‍.എ.യുടെ പരിശ്രമഫലമായി സഞ്ചാരയോഗ്യമാക്കി മാറ്റിയതാണ് ആദ്യത്തെ വികസന നടപടിയായി ജനങ്ങള്‍ക്ക് ഉപകരിച്ചത്. തുടര്‍ന്ന് റോഡില്‍ കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ ചെയ്ത് പരിപാലിച്ചുപോരുന്ന പതിവാണുണ്ടായിരുന്നത്. 2013 – 2014 കാലഘട്ടത്തില്‍ ഏറ്റവും മോശമായിത്തീര്‍ന്ന ഭാഗങ്ങള്‍ റീടാറിംഗ് നടത്തി നവീകരിക്കുകയുണ്ടായി. തുടര്‍ന്ന് 2015 – 16 കാലഘട്ടത്തിലും ടി റോഡില്‍ റീടാറിംഗ് പ്രവര്‍ത്തികള്‍ നടപ്പാക്കിയിട്ടുണ്ട്. 2021 ല്‍ അറ്റകുറ്റപ്പണികള്‍ നടത്തി റോഡ് സഞ്ചാരയോഗ്യമാക്കാനും കഴിഞ്ഞിട്ടുള്ളതാണ്. കിടങ്ങൂര്‍ ക്ഷേത്രത്തിലെ ഉത്സവം, കിടങ്ങൂര്‍ പള്ളി തിരുനാള്‍, കൂടല്ലൂര്‍ പള്ളി തിരുനാള്‍, എന്നിങ്ങനെയുള്ള പ്രധാന ആഘോഷങ്ങള്‍ക്ക് മുമ്പായി റോഡിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി സഞ്ചാരയോഗ്യമാക്കാന്‍ മുന്‍ കാലഘട്ടത്തില്‍ എല്ലാ വര്‍ഷവും കൃത്യനിഷ്ടയോടെശ്രദ്ധിച്ചിട്ടുണ്ടെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. വ്യക്തമാക്കി. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി റോഡ് റീടാറിംഗിനും അറ്റുകുറ്റപ്പണികള്‍ക്ക് പോലും സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാതെ വന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായത്. ഇതുമൂലമുണ്ടായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിഞ്ഞതായി എം.എല്‍.എ. അറിയിച്ചു. എന്നാല്‍ സത്യസന്ധമായ ഈ യാഥാര്‍ത്ഥ്യങ്ങള്‍ മനപൂര്‍വ്വം വിസ്മരിച്ചുകൊണ്ട് കഴിഞ്ഞ 20 വര്‍ഷമായി റോഡില്‍ ഒന്നും ചെയ്തിട്ടില്ലെന്ന കള്ളപ്രചരണവുമായി ഏതാനും വ്യക്തികളും ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇറങ്ങിത്തിരിച്ചിരിക്കുന്നതിന്റെ പൊള്ളത്തരം ജനങ്ങള്‍ തിരിച്ചറിയണമെന്ന് മോന്‍സ് ജോസഫ് അഭ്യര്‍ത്ഥിച്ചു.
കിടങ്ങൂര്‍ – കൂടല്ലൂര്‍ – കടപ്ലാമറ്റം റോഡ് ഉന്നതനിലവാരത്തില്‍ നവീകരിക്കുന്നതിന് സമര്‍പ്പിച്ചിരുന്ന ബി.എം. ആന്‍ഡ് ബി.സി. പ്രൊപ്പോസലിന്മേല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിലെന്നു മാത്രമല്ല, 2021 – 2023 കാലഘട്ടത്തില്‍ കിഴിയടയ്ക്കുന്ന അറ്റകുറ്റപ്പണിക്കുപോലും രണ്ടാംപിണറായി സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടില്ല എന്നത് തികച്ചും പ്രതിഷേധാര്‍ഹമാണ്. റോഡ് നവീകരണത്തിനും സംരക്ഷണത്തിനും ആവശ്യമായ ഫണ്ട് സമയത്ത് അനുവദിക്കാതെ ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് എല്‍.ഡി.എഫ്. സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ഇതിനെതിരെ അതിശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് മോന്‍സ് ജോസഫ് വ്യക്തമാക്കി.

കിടങ്ങൂര്‍ – പിറയാര്‍ – കൂടല്ലൂര്‍ – കടപ്ലാമറ്റം റോഡ് പൂര്‍ണ്ണമായും റീടാറിംഗ് നടത്താനുള്ള നടപടിയാണ് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ സ്വീകരിച്ചിട്ടുള്ളത്. എം.എല്‍.എ. ഫണ്ടില്‍ പ്രവര്‍ത്തി കിടങ്ങൂര്‍ പള്ളി ജംഗ്ഷന്‍ മുതല്‍ കിഴക്കേകൂടല്ലൂര്‍ വരെ ആദ്യം നടപ്പാക്കും. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കടപ്ലാമറ്റം വരെ റോഡ് റീടാറിംഗ് പൂര്‍ത്തിയാക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് എല്ലാ നടപടികളും പൂര്‍ത്തീകരിച്ച് പ്രവര്‍ത്തി നടപ്പാക്കുന്നതു സംബന്ധിച്ച് എഗ്രിമെന്റ് വച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയ്ക്ക് മാറ്റം വന്നാല്‍ ഉടനെ പരമാവധി വേഗത്തില്‍ റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനാണ് എം.എല്‍.എ. നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *