വെടിനിർത്തൽ കരാറിൽ ഒപ്പിടല്‍ നാളെ

കയ്‌റോ: വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടം പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഗാസയിൽനിന്നും ഇസ്രയേൽ സൈന്യം പിന്മാറിത്തുടങ്ങി. ഇസ്രയേൽ ആക്രമണങ്ങളെ തുടർന്ന് ഗാസയിൽനിന്നും പലായനം ചെയ്ത ആയിരങ്ങളാണ് സ്വന്തം പ്രദേശങ്ങളിലേക്ക് മടങ്ങാൻ തുടങ്ങിയിരിക്കുന്നത്.കരാറിന്റെ ഭാഗമായി പലസ്തീന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് ഇസ്രയേൽ സൈന്യം പിന്മാറുമെന്ന് അറിയിച്ചെങ്കിലും ഗാസയിലെ ചില ഇടങ്ങളിൽ സാന്നിധ്യം തുടരുമെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു. ഈ സ്ഥലങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കണമെന്ന് ഗാസയിലെ ജനങ്ങളോട് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് ആവശ്യപ്പെട്ടു.ഏറെ അനിശ്ചിതത്വങ്ങൾക്ക് ശേഷമാണ് ഹമാസും ഇസ്രയേലും ഗാസയിലെ സമാധാന പദ്ധതി അംഗീകരിച്ചത്. മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ഇസ്രയേൽ മന്ത്രിസഭ പദ്ധതിയുടെ ആദ്യഘട്ടത്തിന് അംഗീകാരം നൽകിയിരിക്കുന്നത്. ഇക്കാര്യം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. പിന്നാലെ ഗാസ സമയം ഉച്ചയ്ക്ക് 12നാണ് വെടിനിർത്തൽ നിലവിൽവന്നത്. 24 മണിക്കൂറിനുള്ളിൽ എല്ലാ ആക്രമണങ്ങളും നിർത്താനുള്ള കരാറിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. കൂടാതെ 72 മണിക്കൂറിനകം ഹമാസ് ബന്ദികളാക്കിയ ഇസ്രയേലുകാരെയും ഇസ്രയേൽ തടവറയിൽ കഴിയുന്ന പലസ്തീനികളേയും മോചിപ്പിക്കണമെന്ന് കരാറിൽ വ്യവസ്ഥയുണ്ട്. ആദ്യഘട്ട ധാരണയുടെ ഭാഗമായുള്ള ബന്ധികൈമാറ്റം ഉടനുണ്ടാകും എന്നാണ്. പുറത്തുവരുന്ന വിവരം. ഇസ്രയേൽ- ഹമാസ് വെടിനിർത്തൽ കരാറിന്റെ ഒപ്പിടൽ ചടങ്ങ് നാളെ ഈജിപ്തിൽ നടക്കും. സമാധാന കരാറിന് ചുക്കാൻപിടിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *