ലോക ചാപ്റ്റർ 1 ചന്ദ്ര’, റെക്കോഡുകൾ തകർത്തു തേരോട്ടം തുടരുകയാണ്. 300 കോടിയും പിന്നിട്ട് മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന വിസ്മയചിത്രമായി “ലോക’. എന്നാൽ, “ലോക’ യുടെ വിജയത്തിന്റെ ക്രെഡിറ്റ് കല്യാണി പ്രിയദർശന്റേതു മാത്രമാക്കാനുള്ള നടിമാരായ നൈല ഉഷയുടെയും റി കല്ലിങ്കലിന്റെയും പ്രസ്താവനകൾക്കെതിരേ നടനും നിർമാതാവുമായ വിജയ് ബാബു രംഗത്തെത്തി. സോഷ്യൽ മീഡിയയിലാണ് വിജയ് ബാബു തന്റെ വിമർശനം തുറന്നെഴുതിയത്.”ലോക’ യുടെ ആഗോളവിജയത്തിന്റെ ക്രെഡിറ്റ് സിനിമയുടെ നിർമാതാക്കൾക്കും ആ ടീമിനും മാത്രം അവകാശപ്പെട്ടതാണെന്ന് വിജയ് ബാബു പറഞ്ഞു. “ലോക’ ബോക്സ്ഓഫീസ് വിജയം നേടിയതിന്റെ ക്രെഡിറ്റ് അതിലെ നടിമാർക്കും അർഹതപ്പെട്ടതാണെന്ന് നൈല ഉഷ പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു. തൊട്ടുപിന്നാലെ റിമ നടത്തിയ പ്രസ്താവനയും ചർച്ചയ്ക്കു കളമൊരുക്കി. നേരത്തെയും വനിതാകേന്ദ്രീകൃത സിനിമകൾ മലയാളത്തിൽ റിലീസ് ചെയ്തിട്ടുണ്ടെന്നും ബോക്സ് ഓഫീസുകൾ ഇളക്കിമറിച്ചിട്ടുണ്ടെന്നും അതിന്റെയെല്ലാം ക്രെഡിറ്റ് സിനിമ നിർമിച്ചവർക്ക് മാത്രം അവകാശപ്പെട്ടതാണെന്നുമായിരുന്നു വിജയ് ബാബുവിന്റെ പ്രതികരണം.”ദൈവത്തിന് നന്ദി. വൈശാലി, ഉണ്ണിയാർച്ച, കടത്തനാട്ട് മാക്കം, കള്ളി ചെല്ലമ്മ, അവളുടെ രാവുകൾ, ആദാമിന്റെ വാരിയെല്ല്, നീലത്താമര, പഞ്ചാഗ്നി, എന്റെ സൂര്യപുത്രിക്ക്, ആകാശദൂത്’, ഇൻഡിപെൻഡൻസ്, എൽസമ്മ എന്ന ആൺകുട്ടി, നന്ദനം, ചിന്താവിഷ്ടയായ ശ്യാമള, അച്ചുവിന്റെ അമ്മ, കളിമണ്ണ്, ഹൗ ഓൾഡ് ആർ യു, 22 ഫീമെയിൽ കോട്ടയം തുടങ്ങി ഓർക്കാൻ കഴിയാത്ത അനേകം മികച്ച സിനിമകളെക്കുറിച്ച് ആരും ക്രെഡിറ്റ് എടുക്കുന്നില്ല. മലയാളം എപ്പോഴും മികച്ച വനിതാ കേന്ദ്രീകൃത സിനിമകൾ സമ്മാനിച്ചിട്ടുണ്ട്. ഒടിടിയുടെ വരവോടെ പുതിയ പ്രേക്ഷകർ എത്തുകയും, നമ്മുടെ ഇൻഡസ്ട്രി കൂടുതൽ ഉയരങ്ങളിലെത്തുകയും ചെയ്തു. ഇപ്പോൾ നമ്മൾ ആഗോള നിലവാരത്തിലുള്ള ഉള്ളടക്കമാണ് നിർമിക്കുന്നത്! ലളിതവും വ്യക്തവുമാണ് കാര്യം. ഇതിനുള്ള മുഴുവൻ ക്രെഡിറ്റും, ഈയൊരു ഇടം കണ്ടെത്തുകയും അത് ചെയ്യുകയും ചെയ്ത വേഫെററിനും ലോക ടീമിനും മാത്രമുള്ളതാണ്…’ വിജയ് ബാബു സോഷ്യൽ മീഡിയയിൽ എഴുതി.
“ലോക’യുടേത് ടീം വിജയം; നൈല ഉഷയ്ക്കും റിമ കല്ലിങ്കലിനുമെതിരേ വിജയ് ബാബു”
