വാഷിംഗ്ടൺ ഡിസി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം തടഞ്ഞത് അമേരിക്കയുടെ തീരുവ ഭീഷണിയായിരുന്നുവെന്ന വാദവുമായി വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഒന്നിലധികം ആഗോള യുദ്ധങ്ങൾ തടയാനും തീരുവകൾ സഹായിച്ചുവെന്ന് ട്രംപ് കൂട്ടിച്ചേർത്തു. ഈ വർഷം ആദ്യം സായുധ സംഘട്ടനത്തിനിടെ രണ്ട് ആണവായുധ അയൽക്കാർ വെടിനിർത്തലിന് സമ്മതിച്ചതിന്റെ കാരണം തന്റെ വിവാദ താരിഫുകളാണെന്ന് അമേരിക്കൻ നേതാവ് അവകാശപ്പെട്ടു. “എനിക്ക് തീരുവ ചുമത്താനുള്ള അധികാരം ഇല്ലായിരുന്നുവെങ്കിൽ, ഏഴ് യുദ്ധങ്ങളിൽ നാലെണ്ണമെങ്കിലും പൊട്ടിപ്പുറപ്പെടുമായിരുന്നു. ഇന്ത്യയോടും പാക്കിസ്ഥാനോടും ഞാൻ എന്താണ് പറഞ്ഞതെന്ന് കൃത്യമായി വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. പക്ഷേ ഞാൻ പറഞ്ഞത് വളരെ ഫലപ്രദമായിരുന്നു.’ ട്രംപ് പറഞ്ഞു. താരിഫ് ഏർപ്പെടുത്തിയതോടെ, അമേരിക്ക നൂറുകണക്കിനു ബില്യൺ ഡോളർ സമ്പാദിക്കുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചതിനു തനിക്ക് നൊബേൽ സമ്മാനം നൽകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഡൊണൾഡ് ട്രംപ് ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കുന്നത് ഇതാദ്യമല്ല. മേയ് പത്തിന്, അമേരിക്കയുടെ മധ്യസ്ഥതയിൽ ഇന്ത്യയും പാക്കിസ്ഥാനും വെടിനിർത്തലിനു സമ്മതിച്ചതായി ട്രംപ് സോഷ്യൽ മീഡിയയിൽ പ്രഖ്യാപിച്ചിരുന്നു. അതിനുശേഷവും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ തന്റെ ഇടപെടലിൽ അവസാനിപ്പിച്ചുവെന്ന അവകാശവാദം അദ്ദേഹം പലതവണ ആവർത്തിച്ചിട്ടുണ്ട്. ഓഗസ്റ്റിൽ, രണ്ട് ഏഷ്യൻ അയൽക്കാർക്കിടയിൽ സമാധാനം സ്ഥാപിക്കാൻ, അമേരിക്ക വ്യാപാരം തടഞ്ഞുവയ്ക്കുമെന്നും ഇന്ത്യക്ക് ഉയർന്ന തീരുവകൾ ചുമത്തുമെന്നും പ്രധാനമന്ത്രി മോദിയെ ഭീഷണിപ്പെടുത്തിയതായും ട്രംപ് അവകാശപ്പെട്ടു. മോദിയുമായി അഞ്ചു മണിക്കൂർ നീണ്ട ചർച്ച നടത്തിയെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധം തടഞ്ഞത് “തീരുവ’ ഭീഷണി: ട്രംപ്
